News

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദ പ്രഖ്യാപന തീയതിയില്‍ തീരുമാനമായില്ല

പ്രവാചക ശബ്ദം 03-05-2021 - Monday

വത്തിക്കാന്‍ സിറ്റി: ഭാരതസഭയിലെ പ്രഥമ അല്‍മായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കര്‍ദ്ദിനാളുമാരുടെ കണ്‍സിസ്റ്ററി വത്തിക്കാനില്‍ നടന്നു. എന്നാല്‍ ഫ്രാന്‍സിസ് പാപ്പയുടെ അധ്യക്ഷതയില്‍ വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിലെ ഹാളിൽ നടന്ന കൺസിസ്റ്ററിയില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ വിശുദ്ധ പ്രഖ്യാപന തീയതി അന്തിമ തീരുമാനം എടുക്കുന്നത് ഒഴിവാക്കുകയായിരിന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും മാസങ്ങള്‍ക്കും ആഴ്ചകള്‍ക്കകം പ്രഖ്യാപനം നടക്കുമെന്നാണ് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേവസഹായം പിള്ള കൂടാതെ ഇറ്റലിയിൽ നിന്നുള്ള വൊക്കേഷണിസ്റ്റ് സന്യാസസമൂഹ സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിൻ റുസ്സലീലോയുടെയും മറ്റ് വാഴ്ത്തപ്പെട്ടവരുടെയും നാമകരണത്തിനായി അവരുടെ പേരിൽ നടന്ന അത്ഭുതങ്ങൾ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു.

ക്രിസ്തുവിലുള്ള വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്ത വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഭാരതസഭയിലെ പ്രഥമ അല്‍മായ രക്തസാക്ഷിയാണ്. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാ വൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു.

രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറിയിരിന്നു. നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്സ് ദേവാലയത്തിലാണ് മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. 2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2ന് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ക്രൂര പീഡനങ്ങൾക്ക് ദേവസഹായം ഇരയായെന്നു കരുതപ്പെടുന്ന മുട്ടിടിച്ചാൻ പാറ എന്ന പിന്നീട് നി‍ർമിച്ച പള്ളിയില്‍ ധാരാളം വിശ്വാസികൾ ഇന്നും എത്തുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »