Arts - 2024

ക്രൈസ്തവ അവഹേളന ഉള്ളടക്കമുള്ള 'അക്വേറിയം' സിനിമ: അടിയന്തരമായി തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് നിർദ്ദേശം

പ്രവാചക ശബ്ദം 18-05-2021 - Tuesday

ന്യൂഡല്‍ഹി: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും സന്യാസ ജീവിതത്തെയും അവഹേളിക്കുന്ന അക്വേറിയം സിനിമയുടെ റിലീസിംഗിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ജെസി മാണി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

മതവികാരം വൃണപ്പെടുത്തുന്നതെന്നു ചൂണ്ടിക്കാട്ടി 2013ല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച 'പിതാവിനും പുത്രനും' എന്ന ചിത്രം പേരുമാറ്റിയാണ് 'അക്വേറിയം' എന്നാക്കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരിക്കുവേണ്ടി അഭിഭാഷകരായ ജോസ് ഏബ്രഹാമും ദീപ ജോസഫും ചൂണ്ടിക്കാട്ടി. സമാനമായ ഒരു ഹര്‍ജിയില്‍ സിനിമ റിലീസ് ചെയ്യുന്നതു കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

എന്നാല്‍, ഓൺലൈൻ പ്ലാറ്റ്‌ഫോമില്‍ (ഒടിടി) സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു നിലവില്‍ യാതൊരു അനുമതിയുടെയും ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഒടിടി പ്ലാറ്റ്‌ഫോമിലെ സിനിമ പ്രദര്‍ശനം വേണ്ടരീതിയില്‍ പരിശോധിക്കണമെന്നു സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിട്ടുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ പരിഗണിച്ചു അടിയന്തരമായി തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ച കോടതി, ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു.

2013ൽ ചിത്രീകരണം പൂർത്തിയാക്കി സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കപ്പെട്ട 'പിതാവിനും പുത്രനും' എന്ന ചിത്രത്തിന്റെ ഉള്ളടക്കം, ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന വിധത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. സെൻസർ ബോർഡ് കേരള ഘടകവും, റിവിഷൻ കമ്മിറ്റിയും, അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടു. സിനിമ ഏതുവിധേനയും പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ച പിന്നണി പ്രവർത്തകർ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ചാണ് വീണ്ടും ഈ സിനിമ പ്രദർശിപ്പിക്കാൻ 'അക്വേറിയം' എന്നപേരിൽ ഓ‌ടി‌ടി പ്ലാറ്റ്ഫോമിലൂടെ ഒരുങ്ങിയത്.