News

രാജ്യം തകരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല, അതിനാലാണ് സർക്കാരിനെ വിമർശിക്കുന്നത്: നൈജീരിയൻ മെത്രാന്മാർ

പ്രവാചക ശബ്ദം 18-05-2021 - Tuesday

അബൂജ: രാജ്യത്തിന്റെ നന്മയെക്കരുതി അഭിപ്രായങ്ങൾ പറയുമ്പോൾ തുറന്ന മനസ്സോടെ അതിനെ സ്വീകരിക്കണമെന്നും രാജ്യം തകരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് സർക്കാരിനെ വിമർശിക്കുന്നതെന്നും നൈജീരിയൻ മെത്രാൻ സമിതി. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മെത്രാന്മാർക്കെതിരെ കരുനീക്കങ്ങൾ നടത്തരുതെന്നും രാജ്യം ഭരിക്കുന്ന ഓൾ പ്രോഗ്രസ്സീവ്സ് കോൺഗ്രസിനോട് നൈജീരിയൻ മെത്രാൻ സമിതി ആവശ്യപ്പെട്ടു. ഓൾ പ്രോഗ്രസ്സീവ്സ് കോൺഗ്രസിന്റെ മുഹമ്മദ് ബുഹാരിയാണ് ഇപ്പോഴത്തെ നൈജീരിയൻ പ്രസിഡൻറ്. മറ്റു രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുടെയും, മറ്റു മേഖലകളിൽ നിന്നുള്ളവരുടെയും നിർദ്ദേശങ്ങൾ കേൾക്കാൻ ബുഹാരി സർക്കാർ തയ്യാറാകണമെന്നും മെത്രാൻ സമിതി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ദേശീയ മെത്രാന്മാർ സമിതിയുടെ അധ്യക്ഷനായ ആർച്ച്ബിഷപ്പ് അഗസ്റ്റസ് അകുബുസേ ഒപ്പിട്ട മെത്രാന്മാരുടെ സംയുക്തപ്രസ്താവന പ്രസിദ്ധീകരിച്ചത്. സർക്കാർ തകരുന്നത് കാണാനല്ല, മറിച്ച് രാജ്യം തകരുന്നത് കാണാതിരിക്കാനാണ് തങ്ങൾ പ്രതികരണങ്ങൾ നടത്തുന്നത്. നൈജീരിയ എന്ന രാജ്യം ഓൾ പ്രോഗ്രസ്സീവ്സ് കോൺഗ്രസ് പാര്‍ട്ടിയുടെ സ്വന്തമല്ല. മറിച്ച് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരുടെയുമാണ് നൈജീരിയ. പൗരന്മാരുടെ ജീവനും, സ്വത്തും, മതസ്വാതന്ത്ര്യവും അടക്കമുള്ള കാര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന് വീഴ്ച വന്നിട്ടുണ്ടെന്നും, ഈ വിഷയത്തിൽ മറ്റുള്ള മത നേതാക്കളെ പോലെ തന്നെ തങ്ങളും ആശങ്ക അറിയിച്ചിട്ടുണ്ടെന്നും മെത്രാൻ സമിതി വ്യക്തമാക്കി.

സർക്കാർ പരാജയമായി മാറുമ്പോൾ അതിനെപ്പറ്റി പ്രതികരിക്കാൻ എല്ലാ നൈജീരിയക്കാർക്കും അവകാശമുണ്ട്. സാമ്പത്തിക പരാജയത്തെ പറ്റിയും, അനുദിനം നടക്കുന്ന കൊലപാതകങ്ങളെയും, തട്ടിക്കൊണ്ടുപോകലുകളെ പറ്റിയും സംസാരിക്കാൻ നൈജീരിയക്കാർക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം വേണമെന്നില്ല. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി ജനങ്ങൾക്ക് വ്യക്തമായ ധാരണ പ്രസിഡന്റ് നൽകണം. രാജ്യത്തെ സുരക്ഷ ശക്തമാക്കി സാമ്പത്തിക മേഖലയെയും മറ്റും വളർച്ചയിൽ എത്തിക്കാനും, തൊഴിൽ ക്ഷാമം പരിഹരിക്കാനും സർക്കാർ തുറന്ന സമീപനം സ്വീകരിക്കണമെന്ന് മെത്രാൻ സമിതി പറഞ്ഞു.

സമാധാനവും, നീതിയും സ്ഥാപിക്കുന്നതിനായി രാജ്യത്തെ സർക്കാരിനും, നിര്‍ണ്ണായക സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും ധൈര്യവും, ജ്ഞാനവും ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥന തുടരണമെന്ന് അവർ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന പദ്ധതിയോടു കൂടി 2009-ല്‍ ബൊക്കോഹറം തീവ്രവാദ സംഘടന പ്രവർത്തനം ആരംഭിച്ചത് മുതൽ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നു പോകുന്നത്. 2009 മുതൽ നിരവധി തീവ്രവാദ ആക്രമണങ്ങൾ സംഘടന രാജ്യമെമ്പാടും നടത്തി. തീവ്രവാദ ചിന്താഗതി പുലർത്തുന്ന മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരുടെ ആക്രമണങ്ങളും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഇതിന്റെ എല്ലാ ഭീകരമായ വശങ്ങള്‍ക്കും ഇരയാകുന്നത് ക്രൈസ്തവ സമൂഹമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 654