News - 2025

ഇസ്രായേലിനെ പിന്തുണക്കരുത്: പാക്ക് ക്രൈസ്തവർക്ക് മനുഷ്യാവകാശ പ്രവർത്തകയുടെ മുന്നറിയിപ്പ്

പ്രവാചക ശബ്ദം 17-05-2021 - Monday

ലാഹോര്‍: ഇസ്രയേൽ - പാലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിന് അനുകൂലമായുളള പരാമർശങ്ങളോ, സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകളോ ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് മനുഷ്യാവകാശ പ്രവർത്തകയായ മേരി ജെയിംസ് ഗിൽ മുന്നറിയിപ്പ് നൽകി. മതവിശ്വാസം എങ്ങനെയായാലും, പൗരന്മാർ എന്ന നിലയിൽ ഇസ്രയേലിനെ അംഗീകരിക്കാത്ത പാക്കിസ്ഥാൻ സർക്കാരിന് രാജ്യത്തെ ക്രൈസ്തവർ വിധേയരായിരിക്കണമെന്ന് സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസിന്റെ അധ്യക്ഷയായ അവർ മെയ് പന്ത്രണ്ടാം തീയതി പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിശബ്ദരായിരിക്കാനും മേരി ജെയിംസ് ആവശ്യപ്പെട്ടു.

ഏതാനും വചനപ്രഘോഷകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റുകൾ ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി. "ദൈവമാണ് ഇസ്രായേലിന്റെ പാറയും, അഭയ കേന്ദ്രവും. ദൈവം തന്നെ അവർക്കുവേണ്ടി യുദ്ധം ചെയ്യുമ്പോൾ അവരെ ഉപദ്രവിക്കാൻ ആർക്കും സാധിക്കില്ല. ഇസ്രായേലിന്റെ സുരക്ഷയ്ക്കും, സംരക്ഷണത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു"-പാക്കിസ്ഥാനി പാസ്റ്ററായ സലീം കോക്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്. പാക്കിസ്ഥാനിൽ ക്രിസ്ത്യൻസ് വോയിസ് ഫോർ ഇസ്രായേൽ എന്ന സംഘടന ജറുസലേമിന് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തിരുന്നു. ഈ മാസം ആദ്യം ഇർഫാൻ ജെയിംസ് എന്നൊരു പാസ്റ്റർ ഫേസ്ബുക്കിലെ തന്റെ കവർചിത്രം ഇസ്രായേൽ പതാകയായി മാറ്റി. ഇത്തരത്തിലുള്ള പോസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് മേരി ജെയിംസിന്റെ പ്രതികരണം.

അതേസമയം ക്രൈസ്തവര്‍ ഇസ്രായേല്‍ പിന്തുണയുടെ പേരില്‍ തീവ്ര ഇസ്ളാമിക വിഭാഗത്തില്‍ നിന്നു മറ്റൊരു മതപീഡനം ഏറ്റുവാങ്ങാന്‍ ഇടയാകാതിരിക്കുവാനാണ് ഈ മുന്നറിയിപ്പെന്നും നിരീക്ഷണമുണ്ട്. പാക്കിസ്ഥാനിൽ ക്രൈസ്തവർക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായി മാറിയിരിക്കുന്നു എന്ന വലിയ സത്യത്തിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. വിശുദ്ധ നാട്ടിലെ ക്രൈസ്തവ പുണ്യ കേന്ദ്രങ്ങൾ സന്ദർശിക്കാൻ രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾക്ക് വിലക്കുണ്ട്. വിശുദ്ധ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഏറെനാളായി വിവിധ ക്രൈസ്തവ സംഘടനകൾ പാക്ക് സർക്കാരിനോടു ആവശ്യപ്പെട്ടു വരികയാണ്. ഇസ്രായേലും, പാക്കിസ്ഥാനും തമ്മിൽ നയതന്ത്ര ബന്ധം ഇല്ല. പാക്ക് രാഷ്ട്രീയ നേതാക്കൾ ഇസ്രായേലിനെ പലസ്തീനിൽ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്ന് പറഞ്ഞ് വിമർശിക്കാറുണ്ട്. പാക്കിസ്ഥാൻ പലസ്തീനിലെ തീവ്രവാദ സംഘടനകളെ സഹായിക്കുന്നുവെന്നാണ് ഇസ്രായേൽ ഇതിന് മറുപടി നൽകുന്നത്.

More Archives >>

Page 1 of 653