News

അര്‍മേനിയന്‍ കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ഗ്രിഗറി പീറ്റര്‍ കാലം ചെയ്തു

പ്രവാചക ശബ്ദം 27-05-2021 - Thursday

ബെയ്റൂട്ട്: അര്‍മേനിയന്‍ കത്തോലിക്കാ സഭയുടെ തലവനായ കത്തോലിക്കോസ് പാത്രിയാര്‍ക്കീസ് ഗ്രിഗറി പീറ്റര്‍ ഇരുപതാമന്‍ കാലംചെയ്തു. സിലിസിയ അര്‍മേനിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിന്റെ ഇരിപ്പിടമായ ലെബനോനിലെ ബെയ്റൂട്ടില്‍വെച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. മെയ് 29ന് സെന്റ്‌ ഗ്രിഗറി ദി ഇല്ലുമിനേറ്റര്‍-സെന്റ്‌ ഏലിയാസ് കത്തീഡ്രലില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ലെബനോനിലെ ബ്സോമ്മര്‍-കെസര്‍വാന്‍ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിന്റെ ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ആശ്രമ സെമിത്തേരിയില്‍ കബറടക്കും. മൃതസംസ്കാരത്തിന് മുന്‍പായി നാളെ മെയ് 28-ന് ബെയ്റൂട്ടിലെ ഔര്‍ ലേഡി ഓഫ് അനണ്‍സിയേഷന്‍ പാട്രിയാര്‍ക്കല്‍ ചാപ്പലിനോട് ചേര്‍ന്നുള്ള അരമനയില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും.

1934-ല്‍ സിറിയയിലെ ആലപ്പോയില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ഇറ്റലിയിലേക്ക് പോയി. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയശേഷം 1959 മാര്‍ച്ച് 28ന് പൗരോഹിത്യ പട്ടം സ്വീകരിച്ചു. ബ്സോമ്മര്‍ ആശ്രമ സ്കൂള്‍, അര്‍മേനിയന്‍ കാത്തലിക് മെസ്രോബിയന്‍ സ്കൂള്‍, ബ്സോമ്മര്‍ കോണ്‍വെന്റ് സ്കൂള്‍ എന്നിവിടങ്ങളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിലെ അര്‍മേനിയന്‍ കാത്തലിക് എക്സാര്‍ക്കായി നിയമിതനായി. 1977-ല്‍ ഫെബ്രുവരി 13നാണ് മെത്രാനായി അഭിഷിക്തനാവുന്നത്.

സെന്റ്-ഡെക്രോയിക്സ്-ഡെ-പാരീസ് രൂപതയുടെ മെത്രാനായി സേവനം ചെയ്ത അദ്ദേഹം 2013-ല്‍ തത്സ്ഥാനത്ത് നിന്നും വിരമിച്ചു. 2015-ല്‍ നെര്‍സെസ് ബെദ്രോസ് XIX കാലം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പതിനാണ് ഗ്രിഗറി പീറ്റര്‍ അര്‍മേനിയന്‍ കത്തോലിക്ക സഭയുടെ ഇരുപതാമത് കത്തോലിക്കോസ് പാത്രിയാര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ടത്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി അടക്കമുള്ള പ്രമുഖര്‍ പാത്രിയാര്‍ക്കീസ് ഗ്രിഗറി പീറ്ററുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

അര്‍മേനിയന്‍ വ്യക്തിത്വം ശക്തിപ്പെടുത്തുന്നതില്‍ പാത്രിയാര്‍ക്കീസ് വഹിച്ച പങ്കിനെക്കുറിച്ച് വിവരിച്ച അര്‍മേനിയന്‍ പ്രസിഡന്റ് അര്‍മെന്‍ സാര്‍കിസ്സിയാന്‍, അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 40 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുക്കണമെന്നാണ് അര്‍മേനിയന്‍ സഭാനിയമങ്ങളില്‍ പറയുന്നത്. മാര്‍പാപ്പയോട് പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുന്ന സ്വയംഭരണാധികാരമുള്ള 23 പൗരസ്ത്യ സഭകളില്‍ ഉള്‍പ്പെടുന്നതാണ് അര്‍മേനിയന്‍ കത്തോലിക്ക സഭ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »