News

ഒറ്റപ്പെട്ട കാലത്ത് ചേര്‍ത്തുപിടിച്ചു: കത്തോലിക്ക സ്കൂളിന് 12 മില്യണ്‍ ഡോളര്‍ സമ്മാനിച്ച് 'ആമസോണ്‍' ഉടമയുടെ പിതാവ്

പ്രവാചകശബ്ദം 25-06-2021 - Friday

വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തെ ഏറ്റവും വലിയ ‘ഇ-കൊമേഴ്സ്’ സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ പിതാവ് മിഗ്വേല്‍ ബെസോസ് ഡെലവറിലെ കത്തോലിക്ക സ്കൂളിന് 12 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് 1960-കളില്‍ ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് ആരോരുമില്ലാതെ കുടിയേറിയപ്പോള്‍ മിഗ്വേലിന് അഭയം നല്‍കുകയും പഠിപ്പിക്കുകയും ചെയ്തത് ഡെലാവറിലെ വില്‍മിംഗ്ടണിലുള്ള സലേസിയാനം സ്കൂളായിരുന്നു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ കത്തോലിക്ക സഭ സംഘടിപ്പിച്ച ‘പെഡ്രോ പാന്‍ ഓപ്പറേഷന്‍’ പദ്ധതിയുടെ ഭാഗമായി വിപ്ലവാനന്തര ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് കൊണ്ടുവന്ന 14,000 കുട്ടികളില്‍ മിഗ്വേലും ഉള്‍പ്പെട്ടിരിന്നു.

കുടിയേറ്റകാലത്ത് മിഗ്വേല്‍ താമസിച്ചിരുന്ന കാസാ ഡെ സാലെസ് ബോയ്സ് ഹോമിന്റെ അന്നത്തെ ഇന്‍ചാര്‍ജ്ജായിരുന്നു ‘ഒബ്ലേറ്റ്സ് ഓഫ് ഫ്രാന്‍സിസ് ഡെ സാലെസ്’ സഭാംഗമായ ഫാ. ജെയിംസ് പി. ബയണ്‍. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ഫാ. ജെയിംസ് പി. ബയണിന്റെ ആദരസൂചകമായിട്ടു കൂടിയാണ് മിഗ്വേലിന്റേയും ഭാര്യ ജാക്ക്വിലിന്റേയും ഈ സംഭാവന. ഇദ്ദേഹത്തിന്റെ പേരിലുള്ള ജെയിംസ് പി ബയണ്‍ ഒ.എസ്എഫ്.എസ് സ്കോളര്‍ഷിപ്പിന് വേണ്ടിയായിരിക്കും ഈ തുക ഉപയോഗിക്കുക. കുടിയേറ്റക്കാരെ തലമുറകളോളം പഠിപ്പിച്ച സ്കൂളെന്ന പാരമ്പര്യത്തിന്റെ സൂചകമായി വില്‍മിംഗ്ടണിലെ കുടിയേറ്റക്കാരുടെ കുട്ടികളില്‍ യോഗ്യരായവര്‍ക്ക് സ്കോളര്‍ഷിപ്പില്‍ മുന്‍ഗണന നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ക്യൂബന്‍ വിപ്ലവത്തിന് ശേഷം ധാരാളം കുട്ടികള്‍ മയാമിയിലെ കത്തോലിക്ക ഏജന്‍സികള്‍ വഴി അമേരിക്കയില്‍ എത്തിയിരുന്നു. രാജ്യത്തുടനീളമുള്ള കത്തോലിക്ക സഭയുടെ കീഴിലുള്ള അഭയകേന്ദ്രങ്ങളിലും, ദത്തു വീടുകളിലുമായിട്ടായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. വില്‍മിംഗ്ടണിലെ കാസാ ഡെ സാലെസ് ബോയ്സ് ഹോമിലായിരുന്നു മിഗ്വേല്‍ താമസിച്ചിരുന്നത്. ആ ബോയ്സ് ഹോമിലെ താമസം ഒരു വലിയ അനുഭവമായിരുന്നെന്നും, അവിടെ തങ്ങള്‍ വളരെ സ്നേഹത്തോടു കൂടിയായിരുന്നു കഴിഞ്ഞിരുന്നതെന്നും 2016-ല്‍ ‘സ്മിത്ത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററി’യുടെ വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന അഭിമുഖത്തില്‍ മിഗ്വേല്‍ ബെസോസ് വിവരിച്ചിട്ടുണ്ട്.

തങ്ങളില്‍ പലരും പരസ്പരം സംസാരിക്കാറുണ്ടെന്നും, തങ്ങളുടെ ഇന്‍ചാര്‍ജ്ജായിരുന്ന വൈദികനെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം അന്നു വെളിപ്പെടുത്തി. സലേസിയാനം സ്കൂളിലേയും അല്‍ബുക്കെര്‍ക്ക് സര്‍വ്വകലാശാലയിലേയും പഠനത്തിനു ശേഷം ‘എക്സോണ്‍ മൊബീല്‍’ കമ്പനിയില്‍ 32 വര്‍ഷങ്ങളോളം മിഗ്വേല്‍ ജോലിചെയ്തിട്ടുണ്ട്. യഥാർത്ഥത്തിൽ ജെഫ് ബെസോസിന്‍റെ വളര്‍ത്തച്ഛനാണ് മിഗ്വേല്‍ ബെസോസ്. ജെഫിന് നാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ അമ്മ മിഗ്വേല്‍ ബെസോസിനെ വിവാഹം ചെയ്യുന്നത്. 16-ാം വയസ്സില്‍ ക്യൂബയില്‍ നിന്ന് യുഎസിലെത്തിയ പിതാവിന്‍റെ നിശ്ചയദാര്‍ഢ്യവും ശുഭാപ്തി വിശ്വാസവുമാണ് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കാരണമായതെന്നു ജെഫ് ബെസോസ് പറഞ്ഞിരുന്നു. ജെഫ് ഇന്നു 143 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ആമസോണ്‍ കമ്പനിയുടെ സിഇഒയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 666