News

പീഡിത ക്രൈസ്തവരുടെ അതിജീവനത്തിന് പൊന്തിഫിക്കല്‍ സംഘടന സമാഹരിച്ചത് 12.27 കോടി യൂറോ

പ്രവാചകശബ്ദം 21-06-2021 - Monday

ന്യൂയോര്‍ക്ക്: പീഡിത ക്രൈസ്തവരുടെ അതിജീവനം ഉള്‍പ്പെടെയുള്ള വിവിധ കാരുണ്യപ്രവര്‍ത്തികള്‍ക്കായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) സമാഹരിച്ചത് 12.27 കോടി യൂറോ. ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട 2020 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 18ന് സംഘടിപ്പിച്ച ഡിജിറ്റല്‍ കോണ്‍ഫറന്‍സിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകമെമ്പാടുമായി ദുരിതമനുഭവിക്കുന്ന പീഡിത ക്രൈസ്തവരുടെ അതിജീവനത്തിനായി സമാഹരിച്ച 12.27 കോടി യൂറോയില്‍ 23 എ.സി.എന്‍ ഓഫീസുകള്‍ വഴി സമാഹരിച്ച 1.64 കോടി (15.4%) യൂറോയും ഉള്‍പ്പെടുന്നുണ്ട്. നൂറ്റിമുപ്പത്തിയെട്ടോളം രാജ്യങ്ങളിലെ 4,578 പദ്ധതികളെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംഘടന സഹായിച്ചിട്ടുണ്ടെന്നു എ.സി.എന്‍ ഇന്റര്‍നാഷണല്‍ എക്സിക്യുട്ടീവ്‌ പ്രസിഡന്റ് തോമസ്‌ ഹെയിനെ-ഗെല്‍ഡേണ്‍ പറഞ്ഞു.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10.21 കോടി യൂറോയാണ് സംഘടന ചിലവഴിച്ചത്. കൊറോണ പകര്‍ച്ചവ്യാധി കാരണം നല്‍കുവാന്‍ കഴിയാതെപോയ 2.06 കോടി യൂറോ 2021 ആദ്യ പകുതിയില്‍ ചിലവഴിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. 2020-ലേക്കായി നീക്കിവെച്ച ഫണ്ടിന്റെ 79%-വും വിവര കൈമാറ്റം, മാധ്യമ പ്രചാരണം, പ്രാര്‍ത്ഥന കൂട്ടായ്മകള്‍ എന്നിങ്ങനെയുള്ള വിവിധ പദ്ധതികള്‍ക്കായി ചിലവഴിച്ചപ്പോള്‍, 8% സംഘടനയുടെ നടത്തിപ്പിനും, 12.5% പുതിയ അഭ്യുദയകാംക്ഷികളെ കണ്ടെത്തുന്നതിനുമായിട്ടാണ് ചിലവഴിച്ചത്.

വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ആവശ്യമായ പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കല്‍ ഉള്‍പ്പെടെ 62 ലക്ഷം യൂറോ ചിലവുവരുന്ന 401 പദ്ധതികളേയാണ് കൊറോണ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് എ.സി.എന്‍ സഹായിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംഘടനയുടെ വിവിധ പദ്ധതികള്‍ക്കുള്ള സഹായത്തിന്റെ മൂന്നിലൊരു ഭാഗവും (32.6%) നല്‍കിയിരിക്കുന്നത് ആഫ്രിക്കയിലേക്കാണ്. മുന്‍വര്‍ഷങ്ങളില്‍ ഈ പട്ടികയില്‍ മുന്നില്‍ നിന്നിരുന്ന മധ്യപൂര്‍വ്വേഷ്യക്കായി 14.2%മാണ് ഇത്തവണ ചിലവഴിച്ചത്. മൊത്ത പദ്ധതി വിഹിതത്തിന്റെ 18% മാണ് ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യന്‍ മേഖലക്കായി എ.സി.എന്‍ ചിലവഴിച്ചത്. ഇതില്‍ 54 ലക്ഷം യൂറോ ചിലവഴിച്ചിരിക്കുന്നത് ഇന്ത്യയിലാണ്.

എ.സി.എന്‍ സഹായിച്ചതില്‍ 744 ദേവാലയങ്ങള്‍ കൂടാതെ ഇടവക ഭവനങ്ങളും, കോണ്‍വെന്റുകളും, സെമിനാരികളും ഉള്‍പ്പെടുന്നു. കോവിഡ് കാലയളവില്‍ 17 ലക്ഷം യൂറോയാണ് മാസ് സ്റ്റൈപ്പന്‍ഡായി നല്‍കിയത്. ലോകത്തെ 9 വൈദീകരില്‍ ഒരാള്‍ വീതം ഈ സഹായത്തിന്റെ ഗുണഭോക്താക്കളാണ്. ലോകമെമ്പാടുമുള്ള 14,000 വൈദീകവിദ്യാര്‍ത്ഥികള്‍ക്കും (ലോകത്തെ മൊത്തം സെമിനാരി വിദ്യാര്‍ത്ഥികളില്‍ എട്ടില്‍ ഒരാള്‍ വീതം), 18,000-ത്തോളം കന്യാസ്ത്രീകളും എ.സി.എന്‍ സഹായത്തിന്റെ ഗുണഭോക്താക്കളാണ്. വൈദികരുടെ അജപാലക യാത്രകള്‍ക്കായി 783 ബൈസൈക്കിളുകളും, 280 കാറുകളും, 166 ബൈക്കുകളും, 11 ബോട്ടുകളും, 2 ബസ്സുകളും, 1 ലോറിയും എ.സി.എന്‍ സഹായത്തോടെ വിതരണം ചെയ്തിട്ടുണ്ട്. പൂര്‍ണ്ണമായും സ്വകാര്യ സംഭാവനകള്‍ മാത്രമാണ് എ.സി.എന്‍ സാമ്പത്തിക സഹായങ്ങളുടെ ഉറവിടം.



പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »