News

ടാന്‍സാനിയന്‍ കര്‍ദ്ദിനാളിന് പ്രസിഡന്റിന്റെ ഉന്നത ബഹുമതി

പ്രവാചകശബ്ദം 23-06-2021 - Wednesday

ദാര്‍-എസ്-സലാം: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ വിവിധ മതങ്ങള്‍ തമ്മിലുള്ള ഐക്യവും സമാധാനവും വളര്‍ത്തുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് കത്തോലിക്ക കര്‍ദ്ദിനാളിന് ടാന്‍സാനിയന്‍ പ്രസിഡന്റിന്റെ ഉന്നത പുരസ്കാരം. പൗരോഹിത്യ ശുശ്രൂഷയുടെ അന്‍പതാം വാര്‍ഷികാഘോഷ വേളയിലാണ് ദാര്‍-എസ്-സലാം അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ പോളികാര്‍പ് പെങ്ങോക്ക് അവാര്‍ഡ് ലഭിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇക്കഴിഞ്ഞ ജൂണ്‍ 20നായിരുന്നു കര്‍ദ്ദിനാള്‍ പെങ്ങോയുടെ പൗരോഹിത്യ സേവനത്തിന്റെ സുവര്‍ണ്ണ ജൂബിലി.

ദാര്‍-എസ്-സലാമിലെ ഇംസിംബാസി സെന്ററില്‍ നടന്ന ചടങ്ങില്‍വെച്ച് പ്രസിഡന്റ് സാമിയ സുളുഹു ഹസ്സന് വേണ്ടി വൈസ് പ്രസിഡന്റ് ഡോ.ഫിലിപ്പ് ഇംപാങ്ങോയാണ് അവാര്‍ഡ് കൈമാറിയത്. ചടങ്ങില്‍വെച്ച് സാമിയ സുളുഹു എഴുതി നല്‍കിയ പ്രസംഗം ഇംപാങ്ങോ വായിച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കര്‍ദ്ദിനാളിന് നന്ദി പറഞ്ഞുകൊണ്ട്, കര്‍ദ്ദിനാളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണ ഉണ്ടായിരിക്കുമെന്നും സുളുഹു അറിയിച്ചു. മൊറോഗോരോ രൂപതയിലെ ബാഗാമോയോയിലെ മാകുലുങ്ങെയില്‍ ദേവാലയം നിര്‍മ്മിക്കുവാന്‍ കര്‍ദ്ദിനാള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സാമ്പത്തിക സഹായവും പ്രസിഡന്റ് വാഗ്ദാനംചെയ്തിട്ടുണ്ട്. തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കര്‍ദ്ദിനാളിന് ആയുരാരോഗ്യം നേര്‍ന്നുകൊണ്ടാണ് പ്രസിഡന്റിന്റെ സന്ദേശം അവസാനിക്കുന്നത്.

വൈസ് പ്രസിഡന്റ് ഡോ.ഫിലിപ്പ് ഇംപാങ്ങോയും കര്‍ദ്ദിനാളിനെ അഭിനന്ദിച്ചു. കര്‍ദ്ദിനാള്‍ പെങ്ങോ സഭയ്ക്കും സര്‍ക്കാരിനും ഇടയിലുള്ള കണ്ണിയാണെന്നും, തിന്മയ്ക്കെതിരായ പോരാട്ടങ്ങളിലെ മുന്‍നിര പോരാളിയാണെന്നുമാണ് ഇംപാങ്ങോ പറഞ്ഞത്. പൗരോഹിത്യ ജൂബിലി ആഘോഷ വേളയില്‍ കര്‍ദ്ദിനാള്‍ പെങ്ങോക്ക് അവാര്‍ഡ് ലഭിച്ചതില്‍ ടാന്‍സാനിയന്‍ മെത്രാന്‍ സമിതിയും സന്തോഷം പ്രകടിപ്പിച്ചു. എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സ് ഓഫ് ടാന്‍സാനിയ (ടി.ഇ.സി) യുടെ വളര്‍ച്ചക്കായി കര്‍ദ്ദിനാള്‍ പെങ്ങോ നല്‍കിയ സംഭാവനകള്‍ക്ക് ടി.ഇ.സി പ്രസിഡന്റ് ഗെര്‍വാസ് ന്യായിസോങ്ങാ നന്ദി അറിയിച്ചു.

മേഖലയില്‍ അജപാലപരമായ ഐക്യം വളര്‍ത്തുവാന്‍ കര്‍ദ്ദിനാള്‍ പെങ്ങോ വഹിച്ച പങ്കിനെ അഭിനന്ദിച്ചുകൊണ്ട് കിഴക്കന്‍ ആഫ്രിക്കയിലെ മെത്രാന്‍സമിതികളുടെ അസോസിയേഷന്‍ (എ.എം.ഇ.സി.ഇ.എ) പ്രസ്താവന പുറത്തിറക്കിയിരുന്നു. 1998-ല്‍ അസോസിയേഷന്റെ രക്ഷാധികാരികളില്‍ ഒരാളായ ശേഷം കര്‍ദ്ദിനാള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പ്രസ്താവനയില്‍ എടുത്തുപറയുന്നുണ്ട്. 1944-ല്‍ ജനിച്ച കര്‍ദ്ദിനാള്‍ പെങ്ങോ 1971 ജൂണ്‍ 20നാണ് തിരുപ്പട്ടസ്വീകരണം നടത്തിയത്. 1984-ല്‍ മെത്രാനായി അഭിഷിക്തനായ അദ്ദേഹം 1992-ല്‍ ദാര്‍-എസ്-സലാം അതിരൂപതയുടെ മെത്രാപ്പോലീത്തയാവുകയും, 1998-ല്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. മുന്‍പാപ്പ ബെനഡിക്ട് XVI, ഫ്രാന്‍സിസ് പാപ്പ എന്നിവര്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ക്ലേവുകളിലും കര്‍ദ്ദിനാള്‍ പെങ്ങോ പങ്കെടുത്തിട്ടുണ്ട്.



പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 665