News - 2025

പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ശബ്ദമാകാനുളള ആഗ്രഹം തുറന്നുപറഞ്ഞ് ആസിയ ബീബി

പ്രവാചകശബ്ദം 16-07-2021 - Friday

ഒന്‍റാരിയോ: വ്യാജ മതനിന്ദാ കുറ്റത്തിന്റെ പേരിൽ ദീർഘനാൾ പാക്കിസ്ഥാനിലെ ജയിലിൽ കഴിഞ്ഞതിനുശേഷം മോചിതയായ ക്രൈസ്തവ വനിത ആസിയാ ബീബി പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ശബ്ദമാകാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കൂട്ടായ്മയെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യവേയാണ് ആസിയാ തന്റെ ഭാവി പ്രതീക്ഷകൾ പങ്കുവെച്ചത്. ദൈവത്തിനും പാക്കിസ്ഥാനിലെ ജയിലിൽ നിന്നുള്ള മോചനത്തിന് വേണ്ടി പങ്കുവഹിച്ചവർക്കും, ഇപ്പോൾ കാനഡയിൽ കഴിയുന്ന ആസിയ നന്ദി രേഖപ്പെടുത്തി. വേദനയിൽ നിന്നും, പ്രതിസന്ധിയില്‍ നിന്നും എന്നെ രക്ഷിച്ച കർത്താവിന് ഹൃദയത്തിന്റെ ആഴത്തിൽ നിന്നും നന്ദി പറയുന്നു. ഒരു പുതിയ തുടക്കത്തിനും, കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനും അവിടുന്ന് അവസരം തന്നു. ജയിലിൽ കഴിയുന്നവർക്കും, വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ക്രൈസ്തവ വിശ്വാസികൾക്കും വേണ്ടി ശബ്ദമുയർത്താനുള്ള ആഗ്രഹവും അവർ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചു.

2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു വലിയ പ്രക്ഷോഭമാണ് രാജ്യത്തു അരങ്ങേറിയത്. പിന്നീട് അതീവ രഹസ്യമായി 2019ലാണ് കുടുംബത്തോടൊപ്പം ആസിയ കാനഡയിലേക്ക് പോകുന്നത്. ജയിലിലായിരുന്ന സമയത്ത് കുട്ടികളെ പറ്റിയും, ഭർത്താവിനെ പറ്റിയും ആശങ്ക ഉണ്ടായിരുന്നുവെങ്കിലും കർത്താവിൽ പ്രത്യാശ അര്‍പ്പിച്ചിരിന്നുവെന്ന് ആസിയ വെളിപ്പെടുത്തി.

പോലീസ് അറസ്റ്റ് ചെയ്യുന്ന നാളുകൾക്കു മുമ്പ് മാതൃരാജ്യമായ പാക്കിസ്ഥാനിൽ ഈസ്റ്ററും, ക്രിസ്തുമസ്സും എല്ലാവർഷവും ആനന്ദത്തോടെ ആഘോഷിച്ചിരുന്നത് അവർ സ്മരിച്ചു. എല്ലാവരും ഒത്തൊരുമിച്ച് വേദന അനുഭവിക്കുന്ന ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നു ആസിയ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നുമുണ്ട്. 2014 മുതൽ 2018വരെ പാക്കിസ്ഥാനിൽ 184 കേസുകൾ മതനിന്ദാ കുറ്റത്തിന്റെ പേരിൽ രാജ്യത്തെ പൗരൻമാരുടെ മേൽ ചുമത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 2020ൽ മാത്രം 30 ക്രൈസ്തവ വിശ്വാസികളാണ് മതനിന്ദാ കുറ്റത്തിന്റെ പേരിൽ ജയിലിലായത്. ഇതിൽ ഏഴ് പേരെ മരണ ശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ വിവാദമതനിന്ദ നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 673