News - 2025

വിശുദ്ധ മഗ്ദലന മറിയം താമസിച്ചിരിന്ന ബോമെ ഗ്രോട്ടോ ഇനി ഫ്രഞ്ച് തീര്‍ത്ഥാടന കേന്ദ്രം

പ്രവാചകശബ്ദം 15-07-2021 - Thursday

പാരീസ്: വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പുതിയ തീര്‍ത്ഥാടനത്തിന് ഫ്രാന്‍സില്‍ ഉദ്ഘാടനം ചെയ്തു. അനുതാപത്തിന്റെ മാതൃകയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ കാലടികളെ പിന്തുടരുന്ന കാമര്‍ഗു, പ്രോവെന്‍സ് മേഖലകളിലൂടെയുള്ള 147 മൈല്‍ ദൂരമുള്ള പുതിയ തീര്‍ത്ഥാടനത്തിനാണ് ആരംഭമായിരിക്കുന്നത്. യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ ശേഷം യൂറോപ്പിലേക്ക് പോയതെന്ന് അനുമാനിക്കപ്പെടുന്ന വിശുദ്ധ മഗ്ദലന മറിയം അവിടെ ക്രിസ്തു വിശ്വാസത്തിന്റെ പ്രചാരണത്തെ സഹായിച്ചു എന്നാണ് ചരിത്രം. ഇന്നു വിശുദ്ധ ബോമെ ഗ്രോട്ടോ എന്നറിയപ്പെടുന്ന തെക്കന്‍ ഫ്രാന്‍സിലെ പ്രോവെന്‍സിലെ മനോഹരമായി നിര്‍മ്മിക്കപ്പെട്ട ഒരു ഗുഹയിലാണ് വര്‍ഷങ്ങളോളം വിശുദ്ധ താമസിച്ചിരുന്നത്. ഏതാണ്ട് 30 വര്‍ഷങ്ങളോളം ഈ ഗുഹയില്‍ വിശുദ്ധ താമസിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.

ഡൊമിനിക്കന്‍ പുരോഹിതരുടെ കീഴിലുള്ള ഈ സെന്റ്‌ ബോമെ ഗ്രോട്ടോയാണ് പുതിയ തീര്‍ത്ഥാടനത്തിന്റെ ആരംഭകേന്ദ്രം. മാര്‍സെയില്ലേ രൂപതയുടെ വികാര്‍ ജനറലായ ഫാ. പിയറെ ബ്രുനെറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തത്. പാരമ്പര്യത്തിന്റെ ഈ പാത വിശ്വാസം പകരുന്നതിനുള്ള ഒരു ഉപകരണമായിരിക്കുമെന്നു തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. പിയറെ പറഞ്ഞു. തീര്‍ത്ഥാടകരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊന്നിലേക്കും, ഒരു സ്നേഹത്തില്‍ നിന്ന് മറ്റൊന്നിലേക്കും പോകാന്‍ അനുവദിക്കുമെന്നും മഗ്ദലന മറിയത്തിന്റെ വിനയത്തിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകരുടെ സൗകര്യത്തിനും, താമസത്തിനുമായി ഡൊമിനിക്കന്‍ വൈദികര്‍ ഹോസ്റ്റല്‍ ഒരുക്കിയിട്ടുണ്ട്.

പാറ ഇടിഞ്ഞുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് സെന്റ്‌-ബോമെ ഗ്രോട്ടോയില്‍ കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. 2020 ജൂണില്‍ തുടങ്ങിയ അറ്റകുറ്റപ്പണികള്‍ ഈ അടുത്തകാലത്താണ് അവസാനിച്ചത്. ഗ്രോട്ടോ തീര്‍ത്ഥാടനത്തിനായി തുറന്നതോടെ കൂടുതല്‍ സന്ദര്‍ശകര്‍ വരുമെന്ന പ്രതീക്ഷയിലാണ് ഡൊമിനിക്കന്‍ സന്യാസികള്‍. യേശുവിന്റെ കുരിശുമരണത്തിനു സാക്ഷ്യം വഹിച്ച മഗ്ദലന മറിയത്തിനാണ് ഉത്ഥിതനായ യേശുവിന്റെ ആദ്യ ദര്‍ശനവും ലഭിച്ചത്. ജൂലൈ 22നാണ് തിരുസഭ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 672