News

ഡല്‍ഹിയില്‍ തകര്‍ത്ത ദേവാലയം പുനഃസ്ഥാപിക്കും, ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കും: അരവിന്ദ് കേജരിവാള്‍

പ്രവാചകശബ്ദം 17-07-2021 - Saturday

ന്യൂഡല്‍ഹി: ഡല്‍ഹി ഛത്തര്‍പുര്‍ അന്ധേരിയ മോഡില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്ത സംഭവത്തില്‍ ദേവാലയം പുനഃസ്ഥാപിക്കാനും അതുവഴി ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിന് നീതി ലഭ്യമാക്കാനും താൻ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉറപ്പുനല്‍കി. ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതെന്ന് രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ ജൂലൈ 16 വെള്ളിയാഴ്ച, ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറൽ മോൺ. ജോസഫ് ഓടനാട്ട്, പള്ളി വികാരി ഫാ. ജോസ് കന്നുകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ.സി. വിൽസൺ, ഇടവക പ്രതിനിധി സണ്ണി തോമസ്, മാതൃവേദി പ്രതിനിധി ഡിജി വിജി എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ച് വിഷയം ഉന്നയിക്കുകയായിരിന്നു.

ഇക്കാര്യത്തിൽ ഉടനടി ഇടപെടണമെന്നും പള്ളി പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപെട്ടു. രൂപത ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാനോ വർഗീയവൽക്കരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ നീതി ആവശ്യമാണെന്നും ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രസ്താവിച്ചു. പള്ളി നഷ്ടപ്പെട്ട ഇടവക സമൂഹത്തോട് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പള്ളി പുനസ്ഥാപിക്കാനും അതുവഴി ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിന് നീതി ലഭ്യമാക്കാനും താൻ പരമാവധി ശ്രമിക്കുമെന്നുമായിരിന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതിനിടെ പള്ളി പൊളിച്ചത് ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ബ്ലോക്ക് വികസന അധികൃതര്‍ ആണെന്നു കേജരിവാള്‍ സമ്മതിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യും. വിശ്വാസീ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കേജരിവാള്‍, സംഭവത്തിന്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് (ജൂലൈ 12) നാനൂറോളം കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിശ്വാസികള്‍ കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തത്. പള്ളി പൊളിച്ച സംഭവം ഡൽഹി എൻ‌ സി‌ ആറിലും രാജ്യത്തുടനീളവും നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായി. നശിപ്പിക്കപ്പെട്ട പള്ളി സന്ദർശിക്കാൻ സമീപ പ്രദേശങ്ങളിൽ നിന്നും ഇടവകകളിൽ നിന്നും നൂറുകണക്കിന് ആളുകൾ ദിവസവും വരുന്നുകൊണ്ടിരിക്കുകയും രാജ്യത്തുടനീളം, പ്രത്യേകിച്ച് രൂപതയുടെ എല്ലാ ഇടവകകളിലും പ്രതിഷേധം ശക്തമാവുകയും ചെയ്തിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 673