News - 2025
ബാഗ്ദാദ് ബോംബ് സ്ഫോടനത്തില്‍ പാപ്പ ദുഃഖം രേഖപ്പെടുത്തി: പ്രാര്‍ത്ഥന അറിയിച്ച് ടെലഗ്രാം സന്ദേശം
പ്രവാചകശബ്ദം 21-07-2021 - Wednesday
ബാഗ്ദാദ്: ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലെ സദര്‍ സിറ്റിയിലെ ജനനിബിഡമായ അല്‍-വുഹൈലത്ത് മാര്‍ക്കറ്റില്‍ മുപ്പതോളം പേരുടെ ജീവനെടുത്ത ബോംബ് സ്ഫോടനത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും പാപ്പയുടെ അനുശോചനമറിയിച്ചു കൊണ്ട് ഇന്നലെ ജൂലൈ 20ന് ഇറാഖിലെ സഭാനേതൃത്വത്തിന് ടെലഗ്രാം സന്ദേശം അയച്ചിരുന്നു. “ബാഗ്ദാദിലെ അല്‍-വുഹൈലത്ത് മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പാപ്പ അതീവ ദുഖിതനാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടും പാപ്പയുടെ അനുശോചനം അറിയിക്കുന്നു”- പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.
മരണപ്പെട്ടവരുടെ ആത്മാക്കളെ സര്‍വ്വശക്തന്റെ കാരുണ്യത്തിനായി സമര്‍പ്പിക്കുന്നു. ഇറാഖില്‍ അനുരജ്ഞനവും, സമാധാനവും പ്രോത്സാഹിപ്പിക്കുവാന്‍ കഷ്ടപ്പെടുന്നവരുടെ പരിശ്രമങ്ങളെ അക്രമാസക്തമായ ഒരു നടപടിയും ഇല്ലാതാക്കില്ല എന്ന വാക്കുകളോടെയാണ് ഇറാഖിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ മിത്ജാ ലെസ്കോവറിന്റെ പേരില്‍ അയച്ചിരിക്കുന്ന ടെലഗ്രാം അവസാനിക്കുന്നത്. ഷിയാ മുസ്ലീം ഭൂരിപക്ഷ നഗരമായ കിഴക്കന്‍ സദര്‍ സിറ്റിയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം സുന്നി ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
യുദ്ധക്കെടുതിയാല്‍ കഷ്ടപ്പെടുന്ന ഇറാഖില്‍ സമീപ കാലത്തുണ്ടായ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണിത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. സദര്‍ സിറ്റി മാര്‍ക്കറ്റില്‍ ഈ വര്‍ഷം ഉണ്ടായ മൂന്നാമത്തെ ബോംബ് സ്ഫോടനമാണിത്. യുദ്ധവും കലാപങ്ങളുംകൊണ്ട് മുറിപ്പെട്ട ഇറാഖിലെ ജനത്തോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പ ഇറാഖ് സന്ദര്‍ശിച്ചിരുന്നു. ആദ്യമായി ഇറാഖ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ചരിത്രം കുറിച്ചുക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക