News - 2025

ഫാ. സ്റ്റാൻ സ്വാമിയുടെ സേവനങ്ങളോട് ബഹുമാനം: ബോംബെ ഹൈക്കോടതി

പ്രവാചകശബ്ദം 20-07-2021 - Tuesday

മുംബൈ: ഭരണകൂട ഭീകരതയുടെ ഇരയായ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്നും ബോംബെ ഹൈക്കോടതി. എല്‍ഗര്‍ പരിഷദ്- മാവോവാദി ബന്ധം സംബന്ധിച്ച് സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജികളില്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡേ, എന്‍.ജെ. ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജൂലായ് അഞ്ചിന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിച്ചതും ഇതേ ബെഞ്ച് ആയിരുന്നു.

'സാധാരണയായി ഞങ്ങള്‍ക്ക് സമയം ഉണ്ടാകാറില്ല. എന്നാല്‍ ഞാന്‍ മരണാനന്തരചടങ്ങ് (സ്റ്റാന്‍ സ്വാമിയുടെ) മുഴുവനും കണ്ടു. എന്തൊരു ഉത്കൃഷ്ടനായ വ്യക്തിയാണ്. സമൂഹത്തിനായി അദ്ദേഹം നല്‍കിയ സേവനങ്ങള്‍. അദ്ദേഹത്തിന്റെ സേവനങ്ങളോട് ഞങ്ങള്‍ക്ക് വളരെ ബഹുമാനമുണ്ട്. നിയമപരമായി, അദ്ദേഹത്തിന് എതിരായുള്ള കാര്യങ്ങള്‍ വ്യത്യസ്ത വിഷയമാണ്.', ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു. എല്‍ഗാര്‍ പരിഷദ് കേസില്‍ 2020 ഒക്ടോബറില്‍ റാഞ്ചിയില്‍നിന്നാണ് സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജൂലായ് അഞ്ചിന് ഹൃദയസ്തംഭനംമൂലം അന്തരിക്കുകയുമായിരുന്നു.


Related Articles »