News - 2025

പട്ടിണിയും ക്ഷാമവും രൂക്ഷം: രാഷ്ട്രീയ നേതൃത്വത്തോട് അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് നൈജീരിയന്‍ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 20-07-2021 - Tuesday

അബൂജ: തീവ്രവാദ ആക്രമണങ്ങളും, ക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ നൈജീരിയന്‍ ജനതയെ പട്ടിണിയില്‍ നിന്നും രക്ഷിക്കുവാന്‍ സത്വര നടപടികള്‍ കൈകൊള്ളണമെന്ന് നൈജീരിയന്‍ രാഷ്ട്രീയ നേതൃത്വത്തോടു അഭ്യര്‍ത്ഥിച്ച് അബൂജ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കൈഗാമ. അബുജയിലെ കാരുവിലുള്ള സെന്റ്‌ ഡൊണാള്‍ഡ് കത്തോലിക്കാ ദേവാലയത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് മെത്രാപ്പോലീത്ത ഈ ആവശ്യമുന്നയിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധിച്ചതും, ഗോത്രവര്‍ഗ്ഗക്കാരുടേയും, കൊള്ളക്കാരുടേയും ആക്രമണങ്ങള്‍ കാരണം കൃഷിക്കാര്‍ക്ക് കൃഷിയിടങ്ങളില്‍ പോകുവാന്‍ കഴിയാത്തതിനാല്‍ അടുത്ത വര്‍ഷം കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന നൈജീരിയന്‍ ജനതയുടെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് മെത്രാപ്പോലീത്തയുടെ ആവശ്യം. കടുത്ത ആക്രമണങ്ങളില്‍ നിന്നും നിസ്സഹായരായ ജനങ്ങളെ സംരക്ഷിക്കണമെന്ന് മെത്രാപ്പോലീത്ത രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ഒരു രാഷ്ട്രമെന്ന നിലയില്‍ നേരിടുന്ന നിരവധി വെല്ലുവിളികളില്‍, നേതൃത്വം സംബന്ധിച്ച വെല്ലുവിളിയ്ക്കാണ് ഏറ്റവും പ്രസക്തിയെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ്, യേശു ക്രിസ്തുവിനേപ്പോലെ കഷ്ടതയനുഭവിക്കുന്ന ജനതയോട് അനുഭാവം പുലര്‍ത്തി തങ്ങളുടെ അധികാരം കൂടുതല്‍ വിശ്വസ്തതയോടും ഉത്തരവാദിത്തത്തോടും കൂടി ഉപയോഗിക്കുവാന്‍ രാഷ്ട്രീയ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യവും, സൗഹാര്‍ദപരമായ സഹകരണവും വളര്‍ത്തുവാനും, വിഭാഗീയതയ്ക്കും, വിദ്വേഷത്തിനും പകരം ശരിയായ സമന്വയം വഴി നിശ്ചിത ലക്ഷ്യങ്ങള്‍ നേടുവാനും ശ്രമിക്കുകയും ചെയ്യുന്നവനാണ് ഒരു നല്ല നേതാവ്. നിര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ ജനങ്ങളെ സേവിക്കുന്നതിനു പകരം പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതിലും, ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ചിലവഴിക്കേണ്ട പൊതു ഫണ്ടുകള്‍ തട്ടിയെടുക്കുവാനുമാണ് ശ്രമിക്കുന്നതെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

ഒരു നല്ല നേതാവ് എപ്പോഴും അനുകമ്പയുള്ളവനായിരിക്കും. അവന് ജനങ്ങളുടെ വേദന മനസ്സിലാക്കുവാനും തന്റെ അധികാരത്തിന്റെ ഉറവിടങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവര്‍ക്ക് നന്മ ചെയ്യുവാനും കഴിയണം. നൈജീരിയന്‍ ജനതയ്ക്കും ഒരിക്കല്‍ ജീവിതവും, പ്രത്യാശയും കൈവരുമെന്ന പ്രതീക്ഷയും മെത്രാപ്പോലീത്ത പങ്കുവെച്ചു. രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവുമായ ഈ പ്രതിസന്ധികള്‍ക്കിടയിലും, ദൈവം തങ്ങളുടെ രാഷ്ട്രത്തെ വീണ്ടെടുക്കുകയും, സൗഖ്യപ്പെടുത്തുകയും ചെയ്യുമെന്നും മെത്രാപ്പോലീത്ത പ്രത്യാശ പങ്കുവെച്ചു. ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് നൈജീരിയ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 674