News - 2025

വെരാക്രൂസില്‍ അബോര്‍ഷന് പച്ചക്കൊടി: കത്തീഡ്രല്‍ ദേവാലയം വികൃതമാക്കി ഫെമിനിസ്റ്റുകളുടെ ആഹ്ലാദപ്രകടനം

പ്രവാചകശബ്ദം 22-07-2021 - Thursday

സാലാപാ, മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കിയ നടപടിയ്ക്ക് പിന്നാലെ തലസ്ഥാന നഗരമായ സാലാപായിലെ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തില്‍ ഫെമിനിസ്റ്റുകളുടെ ആക്രമം. 12 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കുന്നതിനു പ്രാദേശിക കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ദേവാലയത്തിന്റെ പുറംഭിത്തിയില്‍ അബോര്‍ഷന്‍ അനുകൂലികള്‍ പച്ചനിറം ഉപയോഗിച്ച് വികൃതമാക്കുകയും “നിയമപരമായ ഭ്രൂണഹത്യ, അതിപ്പോള്‍ നിയമമായിരിക്കുന്നു” എന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനിലൂടെ ഇല്ലാതാക്കുന്നത് കുറ്റകരമല്ലാതാക്കുന്ന നിയമഭേദഗതി ഇക്കഴിഞ്ഞ ജൂലൈ 20-നാണ് വെരാക്രൂസ് കോണ്‍ഗ്രസ് പാസ്സാക്കിയത്. 25 പേര്‍ അബോര്‍ഷന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍, 13 പേര്‍ മാത്രമാണ് ജീവനെ അനുകൂലിച്ചത്. ഒരാള്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു.

മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രാഡോറിന്റെ മോറേന പാര്‍ട്ടി പ്രതിനിധിയായ മോണിക്കാ റോബിള്‍സാണ് പ്രമേയം കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. അതേസമയം ഭ്രൂണഹത്യ അനുകൂലവാദത്തെയും ദേവാലയം അലങ്കോലമാക്കിയ നടപടിയെയും ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ടു സാലാപാ അതിരൂപതയും, പ്രോലൈഫ് സംഘടനകളും രംഗത്തെത്തി. ഗര്‍ഭധാരണം മുതല്‍ സ്വഭാവിക മരണംവരെ ജീവിക്കുവാനുള്ള മനുഷ്യാവകാശത്തെ സംരക്ഷിക്കുമെന്ന്‍ സംസ്ഥാന ഭരണഘടനയുടെ നാലാം പട്ടികയില്‍ ഉറപ്പു നല്‍കിയിരിക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രോലൈഫ് നേതാക്കള്‍ അബോര്‍ഷന്‍ കുറ്റകരമല്ലാതാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രസ്താവിച്ചു.

നിഷ്കളങ്ക ജീവനുകളെ ഇല്ലാതാക്കുന്ന നിയമഭേദഗതിയുടെ പേരില്‍ സാലാപാ കത്തീഡ്രലില്‍ നടന്ന അഴിഞ്ഞാട്ടത്തെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സാലാപാ അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. ജോസ് മാനുവല്‍ സുവാസോ ട്വിറ്ററില്‍ കുറിച്ചു. "ദേവാലയം അലങ്കോലമാക്കിയത് നിയമപാലകര്‍ കണ്ടില്ലേ? സങ്കീര്‍ണ്ണത? കഴിവില്ലായ്മ? നിസ്സംഗത?" എന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന കത്തോലിക്ക സഭയുടെ നിലപാടില്‍ അക്രമാസക്തമായി ഇതിനും മുന്‍പും ഫെമിനിസ്റ്റുകള്‍ ദേവാലയങ്ങള്‍ വികൃതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് മെക്സിക്കോയില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഫെമിനിസ്റ്റുകള്‍ അഴിച്ചുവിട്ടത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 675