News

'കത്തോലിക്ക വിശ്വാസം കൂട്ടുപിടിച്ച്' ഭ്രൂണഹത്യയെ ന്യായീകരിച്ച് സ്പീക്കര്‍ നാന്‍സി പെലോസി: വിമര്‍ശനവുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 23-07-2021 - Friday

വാഷിംഗ്‌ടണ്‍ ഡി.സി: സ്വന്തം കത്തോലിക്ക വിശ്വാസത്തെ ഉദ്ധരിച്ചുകൊണ്ട് അബോര്‍ഷന് ഫെഡറല്‍ ഫണ്ടിംഗ് ലഭ്യമാക്കുന്നതിനെ പിന്തുണച്ച് പരാമര്‍ശം നടത്തിയ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിക്കു മറുപടിയുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോരെ ജെ. കോര്‍ഡിലിയോണ്‍. നിഷ്കളങ്കരായ മനുഷ്യ ജീവനുകളുടെ കൊലപാതകത്തെ പിന്തുണക്കുകയും, അതോടൊപ്പം താനൊരു ഭക്തയായ കത്തോലിക്കയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രതികരണം ആരഭിക്കുന്നത്. ജീവിക്കുവാനുള്ള അവകാശം മൗലീകമാണ്. കത്തോലിക്കര്‍ ഒരിക്കലും മനുഷ്യരുടെ മൗലീക അവകാശങ്ങളെ എതിര്‍ക്കുകയില്ലായെന്നും ഗര്‍ഭഛിദ്രം ഒരു ആരോഗ്യപ്രശ്നവും പാവപ്പെട്ട സ്ത്രീകള്‍ക്ക് ഗുണകരവുമാണെന്ന പുകമറ സൃഷ്ടിക്കുന്നത് കാപട്യത്തിന്റെ അടയാളമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

കൊല്ലപ്പെടുന്ന കുഞ്ഞിനെ കുറിച്ച് എന്താണ് പറയുവാനുള്ളത്? പാവപ്പെട്ട സ്ത്രീകള്‍ക്ക് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് നല്‍കുന്നതിനെ കുറിച്ച് എന്താണ് പറയുവാനുള്ളത്? ജീവനെ തിരഞ്ഞെടുക്കുന്നതില്‍ അവരെ സഹായിച്ചോ? മെത്രാപ്പോലീത്ത ചോദ്യമുയര്‍ത്തി. ഒരു കുരുന്നു ജീവനെ ഈ ലോകത്തേക്ക് കൊണ്ടുവരുവാന്‍ പ്രോലൈഫ് അനുകൂലികളായ വിശ്വാസികള്‍ക്ക് മാത്രമേ കഴിയുവെന്നും, അവര്‍ക്ക് മാത്രമാണ് പാവപ്പെട്ട സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികള്‍ സ്വന്തം ഉദരത്തില്‍ വെച്ച് തന്നെ കൊല്ലപ്പെടാതിരിക്കുവാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കാണിച്ചുകൊടുക്കുവാന്‍ കഴിയുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

“ഈ സുപ്രധാന സേവനം ചെയ്യുന്ന എന്റെ സഹകത്തോലിക്കരോടായി ഞാന്‍ പറയുന്നു, ഭക്തരായ കത്തോലിക്കര്‍ എന്ന് വിളിക്കപ്പെടുവാന്‍ യോഗ്യതയുള്ളത് നിങ്ങള്‍ക്ക് മാത്രമാണ്” എന്ന് പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രതികരണം അവസാനിക്കുന്നത്. ആഴ്ചതോറുമുള്ള പ്രസ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈഡ് ഭേദഗതി റദ്ദാക്കുന്നതിനെ താന്‍ പിന്തുണക്കുന്നുണ്ടെന്നും അഞ്ചു കുട്ടികളുടെ അമ്മയായ താന്‍ ഒരു കടുത്ത കത്തോലിക്കാ വിശ്വാസിയാണെന്നും പെലോസിയുടെ ഈ വിവാദ പരാമര്‍ശം. അബോര്‍ഷനുകള്‍ക്ക് അമേരിക്കയിലെ നികുതിദായകാരുടെ പണം ഉപയോഗിക്കുവാന്‍ അനുവദിക്കുന്ന ബില്ലിന് ഈ സമീപകാലത്താണ് ഹൗസ് ഓഫ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റി അംഗീകാരം നല്‍കിയത്. 1976 മുതല്‍ പിന്തുടര്‍ന്നു വരുന്ന ഫെഡറല്‍ നയമായ ഹൈഡ് ഭേദഗതിയെ നിരാകരിക്കുന്നതാണ് ഈ ബില്‍.

2022 സാമ്പത്തിക വര്‍ഷത്തിലെ ബൈഡന്റെ ബജറ്റ് അപേക്ഷയിലും ഹൈഡ് ഭേദഗതി ഉള്‍പ്പെടുത്തിയിട്ടില്ല. 1973-ലെ റോയ് വി.വേഡ് കേസിനെ തുടര്‍ന്ന്‍ അബോര്‍ഷന്‍ ദേശവ്യാപകമായി നിയമപരമാക്കപ്പെട്ടതിന് ശേഷം ഫെഡറല്‍ ഫണ്ട് അബോര്‍ഷന് ചിലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് പ്രാബല്യത്തില്‍ വരുത്തിയ ഭേദഗതിയാണ് ഹൈഡ് ഭേദഗതി. ഹൈഡ് ഭേദഗതി നിലനിര്‍ത്തണമെന്ന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനായി സമര്‍പ്പിക്കുന്ന പരാതിയില്‍ ഇതിനോടകം തന്നെ 1,30,000 പേര്‍ ഒപ്പിട്ടിട്ടുണ്ട്. അബോര്‍ഷന്‍ അനുകൂലികളായ രാഷ്ട്രീയക്കാരോട്‌ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ കാര്യത്തില്‍ വിവേചനം പാടില്ലെന്ന് വത്തിക്കാന്‍ പറഞ്ഞതായി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പെലോസി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ വിമര്‍ശനവുമായി കോര്‍ഡിലിയോണ്‍ മെത്രാപ്പോലീത്തയും രംഗത്തെത്തിയിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 675