News

പ്രതിമാസം 2000 രൂപ സഹായം, സഭാസ്ഥാപനങ്ങളില്‍ ജോലിക്കു മുന്‍ഗണന: ജീവന്റെ പ്രഘോഷകരാകുന്നവര്‍ക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും

പ്രവാചകശബ്ദം 31-07-2021 - Saturday

പത്തനംതിട്ട: ദൈവം ദാനമായി നൽകുന്ന ജീവനെ ആദരിക്കാനും സ്വീകരിക്കാനും നാം സന്നദ്ധരാകണമെന്നും ഓര്‍മ്മിപ്പിച്ചും നാലോ അതില്‍ അധികമോ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്തും പത്തനംതിട്ട സീറോ മലങ്കര കത്തോലിക്ക രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ ഐറേനിയോസിന്റെ സര്‍ക്കുലര്‍. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവും സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും ഇതര ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുക്കൊണ്ടാണ് സര്‍ക്കുലര്‍. ദൈവികദാനമായിട്ടാണ് ജീവനെ വി, ബൈബിൾ അവതരിപ്പിക്കുന്നതെന്നും എന്നാൽ ഇന്ന് ഈ ജീവൻ സ്വീകരിക്കാൻ മനുഷ്യൻ വല്ലാതെ വൈമനസ്യം കാണിക്കുന്നതിന്റെ തെളിവാണ് ഭയാനകമാംവിധം കുറഞ്ഞു വരുന്ന ജനസംഖ്യാനിരക്കെന്നും ആമുഖത്തില്‍ വിവരിച്ചുക്കൊണ്ടാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈന പോലും തെറ്റായ ജനനനിയന്ത്രണ നയത്തിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇതിനേക്കാൾ ആശങ്കാജനകമാണ് പത്തനംതിട്ട ജില്ലയുടെ അവസ്ഥയെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജില്ലയിൽ നെഗറ്റീവ് വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയ ബിഷപ്പ് സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 859 പേർ താമസിക്കുമ്പോൾ പത്തനംതിട്ടയിൽ 453 പേർ മാത്രമാണെന്നും 2001ൽ അപേക്ഷിച്ച് 2011 ൽ 3.12 ശതമാനം കുറവാണ് ജില്ലയിലെ ജനസംഖ്യയിൽ വന്നിരിക്കുന്നതെന്നും വെളിപ്പെടുത്തി. ജനസംഖ്യയുടെ 25 ശതമാനത്തിലധികം മുതിർന്ന പൗരന്മാരാണ്.

ജനസംഖ്യാശോഷണം മാരക വിപത്തായി ലോകത്തിൽ പടരുന്നുണ്ടെന്ന സത്യം തിരിച്ചറിയാൻ നാം ഇനിയും അമാന്തിക്കരുത്. മനുഷ്യവംശത്തിന്റെ നിലനില്പിനായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനം ലോകജനസംഖ്യയിൽ 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2100 ഓടെ 23 രാജ്യങ്ങളിൽ ജനനനിരക്ക് പകുതിയായി കുറയുമെന്നാണ് ബിബിസി കഴിഞ്ഞ വാഷം റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ജീവന്റെ പ്രോത്സാഹനം അനിവാര്യമാണെന്ന്‍ ബിഷപ്പ് പറഞ്ഞു.

2000ന് ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്പതികൾ വലിയ കുടുംബങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും രൂപത നല്കുന്നതാണെന്ന് ബിഷപ്പ് വ്യക്തമാക്കി. നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുളള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ അരമനയിൽ നിന്ന് കുടുംബപ്രേഷിത കാര്യാലയം വഴി നല്‍കും, നാലാമത്തെ കുഞ്ഞിന്റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ അത് രൂപത നല്കുന്നതാണ്, ഇത്തരം ക്‍ടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ ജോലിക്കു മുന്‍ഗണന, ഈ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭയുടെ സ്കൂളുകളില്‍ അഡ്മിഷന് മുന്‍ഗണന, ഈ കുടുംബങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും വൈദികനെ അവരുടെ ആദ്ധ്യാത്മിക നിയന്താവായി നിയമിക്കുന്നതാണ്, വര്‍ഷത്തില്‍ ഒരിക്കല്‍ ഈ കുടുംബങ്ങളോടൊപ്പം ബിഷപ്പ് ചെലവഴിക്കും തുടങ്ങീ ഒട്ടേറെ ആനുകൂല്യങ്ങളാണ് ബിഷപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും സമാനമായ വിധത്തില്‍ വിവിധങ്ങളായ കുടുംബ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരിന്നു. ദൃശ്യമാധ്യമങ്ങള്‍ ഇതിനെ മോശമായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചെങ്കിലും നടപടിയെ സ്വാഗതം ചെയ്തുക്കൊണ്ടാണ് വിശ്വാസികള്‍ രംഗത്തു വന്നത്. പദ്ധതി കൂടുതല്‍ രൂപതകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യവും വിശ്വാസികള്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരിന്നു. ഇതിനിടെയാണ് ശക്തമായ സര്‍ക്കുലറുമായി പത്തനംതിട്ട സീറോ മലങ്കര കത്തോലിക്ക രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ ഐറേനിയോസ് പിതാവും രംഗത്തുവന്നിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »