News - 2025
അവർ തകർത്തത് നമ്മുടെ ആരാധനാലയം, എന്നാൽ നമ്മുടെ വിശ്വാസത്തെയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ല: മാർ ജോസഫ് പെരുന്തോട്ടം
06-08-2021 - Friday
ഫരീദാബാദ്: ഡല്‍ഹിയില്‍ അധികാരികള്‍ തകര്‍ത്ത ലഡോ സരായ് ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ പള്ളി സന്ദര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. ദേവാലയത്തിൽ പ്രാർത്ഥനയോടെ ഒരുമിച്ച് കൂടിയ ഇടവകാംഗങ്ങളോട് പ്രതിസന്ധിയുടെ കാലത്ത് ദൈവപരിപാലനയിൽ വിശ്വാസത്തോടെ ആശ്രയിക്കുവാൻ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. അവർ തകർത്തത് നമ്മുടെ ആരാധനാലയമാണെങ്കിലും നമ്മുടെ വിശ്വാസത്തേയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ലായെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
നമ്മുടെ ജീവന്റെ ജീവനാണ് വിശ്വാസം. ദൈവാരാധന നടത്തുകയെന്നത് ഏതൊരു ക്രൈസ്തവ വിശ്വാസിയുടെയും മൗലിക അവകാശമാണ്. മതപരമായ വിവേചനത്തോട് കൂടി നീതി നിഷേധിക്കപ്പെടുമ്പോൾ പ്രത്യക്ഷമായ സമരമോ പ്രതികാര ചിന്തയോ നമ്മൾ വച്ച് പുലർത്തുന്നില്ല. ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും നമ്മുടെ വിശ്വാസത്തെ തകർക്കാനൊ നമ്മുടെ ആരാധനാ സ്വാതന്ത്യത്തെ ഇല്ലായ്മ ചെയ്യാനോ ആർക്കും കഴിയുകയില്ല. ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രം നമ്മുക്കുണ്ട്. സഭയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ സഭ ജന്മം കൊണ്ട നാൾ മുതൽ തന്നെ നടന്നിട്ടുള്ളതാണ്. അതിനെയൊക്കെ ദൈവ പരിപാലനയിൽ തരണം ചെയ്ത പാരമ്പര്യമാണ് നമ്മുക്കുളളത്.
അതേ ദൈവം തന്നെയാണ് ഇന്നും നമ്മേ നയിക്കുന്നത്. ആ ദൈവത്തിൽ പരിപൂർണ്ണമായി വിശ്വസിച്ച് കൊണ്ട്, ആത്മവിശ്വാസത്തോടെ, ആത്മ ധൈര്യത്തോടെ, വലിയ വിശ്വാസ ചൈതന്യത്തോടെ മുന്നോട്ട് പോവാൻ ഈ സംഭവം ശക്തി നല്കട്ടെ. നമ്മുടെ ആരാധനാലയം തകർക്കപ്പെട്ടതിൽ ഇടവകാംഗങ്ങളോടൊപ്പം അനേകം പേർ വേദനിക്കുന്നുണ്ട്. ഇത് സഭയുടെ മുഴുവൻ വേദനയും ദുഖവുമാണ്.
ഇടവകാംഗങ്ങൾക്കും രൂപതയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയുടെ എല്ലാ പിന്തുണയും പ്രാർത്ഥനയും നേരുന്നുവെന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഫരിദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യക്കോസ് ഭരണികുളങ്ങരയും മാർ ജോസഫ് പെരുന്തോട്ടത്തിന് ഒപ്പമുണ്ടായിരിന്നു. ഷംഷാബാദ് രൂപതയുടെ ഇറ്റാവ ജയ്പൂർ വികാരി ജനറാൾ റവ. ഫാ. ജയിംസ് പാലക്കൽ, ലിറ്റിൽ ഫ്ലവർ ഇടക വികാരി ഫാ. ജോസ് കണ്ണുംകുഴി, ചങ്ങനാശ്ശേരി രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, ഇടവക കൈക്കാരന്മാർ എന്നിവർ സന്നിഹിതരായിരുന്നു.