News - 2024

ഫ്രാന്‍സില്‍ വൈദികന്‍ കൊല്ലപ്പെട്ടു: പ്രതി വൈദികന്‍ അഭയം നല്‍കിയ റുവാണ്ടന്‍ അഭയാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 09-08-2021 - Monday

പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അറുപത് വയസ്സുള്ള കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മോണ്ട്ഫോര്‍ട്ട്‌ മിഷ്ണറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്റെയാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തെ കത്തോലിക്ക സമൂഹത്തിന് മുഴുവന്‍ പിന്തുണയും പ്രഖ്യാപിക്കുകയാണെന്നും വൈദികന്‍ കൊല്ലപ്പെട്ട വെന്‍ഡീയിലേക്ക് താന്‍ പോയിക്കൊണ്ടിരിക്കുകയാണെന്നാണ് ഡാര്‍മാനിന്റെ ട്വീറ്റില്‍ പറയുന്നത്. ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയില്‍ ഉള്‍പ്പെടുന്ന വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍വെച്ചാണ് ഫാ. ഒലിവിയര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ പ്രസിദ്ധമായ നാന്റെസ് കത്തീഡ്രലില്‍ ഉണ്ടായ തീപിടുത്തത്തില്‍ സംശയിക്കപ്പെടുന്ന റുവാണ്ടന്‍ സ്വദേശിയും നാല്‍പ്പതുകാരനുമായ അബായിസെനഗാ തന്നെയാണ് ഫാ. ഒലിവിയറിന്റെ കൊലപാതകിയെന്ന്‍ സംശയിക്കപ്പെടുന്നത്. ഇയാള്‍ പോലീസിനു കീഴടങ്ങിയെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീപിടുത്തത്തെത്തുടര്‍ന്ന്‍ ഫാ. ഒലിവിയര്‍ മെയ്റെ തന്നെയാണ് അബായിസെനഗാക്ക് സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍ അഭയം നല്‍കിയതെന്നു ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വൈദികന്റെ മരണത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ദുഃഖം രേഖപ്പെടുത്തി. ഫാ. ഒലിവിയർ മെയറിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും മോണ്ട്ഫോർട്ടിയക്കാർക്കും ഫ്രാൻസിലെ എല്ലാ കത്തോലിക്കർക്കും തന്റെ ചിന്തകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊലപാതകത്തില്‍ ഫ്രഞ്ച് മെത്രാന്‍ സമിതി സെക്രട്ടറി ജെനറല്‍ ഫാ. ഹ്യുഗുസ് വോയില്ലെമോണ്ടും, കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഫ്രാന്‍സും ദുഃഖം രേഖപ്പെടുത്തി. ഇതിനിടെ കുടിയേറ്റവിരുദ്ധ നിലപാട് പുലര്‍ത്തുന്ന നാഷണല്‍ റാലി പാര്‍ട്ടി പ്രസിഡന്റ് മാരിന്‍ ലി പെന്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ നാടുകടത്താത്തിരുന്നതിനെ ചൊല്ലി വിമര്‍ശനവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന്‍ കൊലപാതകം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »