News

അന്ന് പാപ്പയെ വരവേറ്റു, കഴിഞ്ഞ വര്‍ഷം കത്തീഡ്രല്‍ അഗ്നിയ്ക്കിരയാക്കി, ഇന്നലെ വൈദികനെ കൊലപ്പെടുത്തി: പ്രതിയായ അഭയാര്‍ത്ഥിയെ കുറിച്ച് ദുരൂഹതയേറെ

പ്രവാചകശബ്ദം 10-08-2021 - Tuesday

റോം/ പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ ഇന്നലെ അറുപതുകാരനായ കത്തോലിക്ക വൈദികനെ കൊലപ്പെടുത്തിയതിന് പിന്നാലെ പോലീസിനു കീഴടങ്ങിയ റുവാണ്ടന്‍ സ്വദേശിയും അഭയാര്‍ത്ഥിയുമായ ഇമ്മാനുവല്‍ അബായിസെങ്ങായെ കുറിച്ച് ദുരൂഹതയേറെ. 2016-ല്‍ ഇയാള്‍ ഫ്രാന്‍സിസ് പാപ്പയെ കണ്ടിരുന്നുവെന്നാണ് ഫ്രഞ്ച് കത്തോലിക്ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 നവംബര്‍ 11ന് പകര്‍ത്തിയ ഫോട്ടോയുമായി ഫ്രഞ്ച് മാധ്യമമായ ‘ലാ ക്രോയിക്സ്’ ആണ് ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുമായുള്ള ഒരു പൊതുകൂടിക്കാഴ്ചക്കിടയില്‍ അബായിസെങ്ങാ ഫ്രാന്‍സിസ് പാപ്പയെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോയാണിത്.

വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വെച്ച് നടന്ന ‘യൂറോപ്പ്യന്‍ ഫെസ്റ്റിവല്‍ ഓഫ് ജോയ് ആന്‍ഡ്‌ മേഴ്സി’ എന്ന പരിപാടിക്കിടയിലാണ് അബായിസെങ്ങാ ഫ്രാന്‍സിസ് പാപ്പയെ അഭിവാദ്യം ചെയ്തത്. ഫോട്ടോയിലെ വ്യക്തി അബായിസെങ്ങ തന്നെയാണെന്ന്‍ ‘ലാ ക്രോയിക്സ്’ ഇന്നലെ സ്ഥിരീകരിച്ചുവെന്നു സി.എന്‍.എ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തോലിക്ക സഭയുടെ ഒരു വര്‍ഷം നീണ്ട കരുണയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫ്രഞ്ച് സംഘടനയായ ഫ്രാറ്റെല്ലോ സംഘടിപ്പിച്ച ഈ പരിപാടിയില്‍ ഫ്രാന്‍സ്, പോളണ്ട്, റോം എന്നിവിടങ്ങളില്‍ നിന്നായി ഏതാണ്ട് മൂവായിരത്തിയറുന്നൂറോളം പേര്‍ പങ്കെടുത്തിരുന്നു. നാന്റെസില്‍ നിന്നുള്ള ഒരു സംഘത്തോടൊപ്പമാണ് അബായിസെങ്ങാ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

2012-ല്‍ നാന്റെസിലെത്തിയ അബായിസെങ്ങാ അവിടത്തെ ഇടവക സമൂഹത്തിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട വൈദികനാണ് പ്രതിയ്ക്കു അഭയം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ വടക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നാന്റസിലെ കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കിയതും ഇയാള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തില്‍ ഗോത്തിക് മാതൃകയില്‍ നിര്‍മിച്ച കത്തീഡ്രലിലെ തീപിടിത്തം മനപ്പൂര്‍വ്വം സൃഷ്ട്ടിച്ചതാണെന്ന ആരോപണം ശക്തമായിരിന്നു. പിന്നീട് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിന്നു.

ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയിലെ വെന്‍ഡിയിലെ ‘സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ’യില്‍വെച്ച് മോണ്ട്ഫോര്‍ട്ട്‌ മിഷ്ണറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്റെ കൊല്ലപ്പെട്ട വിവരം ഇന്നലെയാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി പുറത്തുവിട്ടത്. പ്രതിയായ അബായിസെങ്ങാ പിന്നീട് പോലീസിനു കീഴടങ്ങി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »