Meditation. - June 2024

ഇഹലോക ജീവിതത്തെ ക്രിസ്തുവിനുള്ള സമ്മാനമാക്കി മാറ്റുക

സ്വന്തം ലേഖകന്‍ 16-06-2021 - Wednesday

''അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ'' (ലൂക്കാ 9:23).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 16

നാനാവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്: ഇവയില്‍ ഏറ്റവും അപകടകരമായ ഒന്ന് മനുഷ്യനു നഷ്ടമായ ജീവിതബോധ്യമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ പലരും ശരിയായ ജീവിതബോധ്യം നഷ്ടപ്പെട്ട് ഉപഭോഗവസ്തുക്കളിലും, മയക്കുമരുന്നിലും, മദ്യത്തിലും, ലൈംഗികതയിലും സുഖം തേടുകയാണ്. ഇക്കൂട്ടര്‍ തേടുന്നത് സന്തോഷമാണെങ്കിലും, നേടുന്നത് അഗാധദുഃഖവും, നിരാശയുമാണ്. ഒരാള്‍ക്ക് സ്വന്തം ജീവിതം പാഴായിപ്പോകാതെ, എങ്ങനെ ശരിയായി നയിക്കുവാന്‍ കഴിയും? ഒരാള്‍ക്ക് സ്വന്തം ജീവിതപദ്ധതി ഏത് അടിത്തറയിലാണ് പണിയുവാന്‍ കഴിയുക? നമ്മുടെ ഈ അന്വേഷണങ്ങള്‍ക്കും, ആകുലതകള്‍ക്കുമുള്ള ഉത്തരങ്ങളാണ് യേശുക്രിസ്തു നമ്മുക്ക് നല്‍കുന്നത്.

അവിടുന്ന് പറയുന്നു: ''ജീവന്റെ അപ്പമാകുന്നു ഞാന്‍. ഓരോരുത്തരേയും വഴി നയിക്കുവാന്‍ കഴിവുള്ള ലോകത്തിന്റെ വെളിച്ചവും നിത്യതയിലേക്ക് തിരിക്കുവാനുള്ള ഉയര്‍പ്പും ജീവനും ഞാന്‍ തന്നെയാകുന്നു". തീര്‍ച്ചയായും, ക്രിസ്തുവിനെ പിന്‍തുടരുന്നത് നിസ്സാര കാര്യമല്ല; അത് ഒരു സാഹസികമായ പ്രവര്‍ത്തി തന്നെയാണ്. യേശുക്രിസ്തുവിനും അവന്റെ സുവിശേഷത്തിനും, നമ്മുടെ അയല്‍ക്കാരനോടുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിനും വേണ്ടി നമ്മുടെ ഭൌതിക സുഖങ്ങളെ നാം മാറ്റി വെക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം അനീതിയേയും സ്വാര്‍ത്ഥതയേയും തോല്‍പ്പിക്കുവാനുള്ള വെല്ലുവിളി സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച് കൊണ്ട് ക്രിസ്തുവിനുള്ള സമ്മാനമായി ജീവിതം സമര്‍പ്പിക്കാനുള്ള പ്രചോദനം കര്‍ത്താവ് എല്ലാവര്‍ക്കും നല്‍കുമാറാകട്ടെ.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റെജിയോ എമീലിയ, 5.6.88).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »