India - 2025
അനാഥ വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം
13-08-2021 - Friday
കോട്ടയം: അനാഥ, അഗതി, വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം. 2016 ജനുവരി 30നു സര്‍ക്കാര്‍ ഉത്തരവിട്ട സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിര്‍ത്തിലാക്കി കഴിഞ്ഞ മാസം 28നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ഉത്തരവ് ഉത്തരവാദിത്വരഹിതവും മനുഷ്യത്വമില്ലാത്തതും ക്രൂരത നിറഞ്ഞതുമാണെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (എഒസിഐകെ) സംസ്ഥാന പ്രസിഡന്റ് ഫാ. റോയി മാത്യു വടക്കേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരാശ്രയം വേണ്ട പൗരന് സംരക്ഷണം നല്‍കാനുള്ള പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കെ അഗതികളുടെ പൂര്‍ണ ഉത്തരവാദിത്വം ധര്‍മസ്ഥാപനങ്ങള്‍ക്കാണെന്ന വിചിത്രമായ ഉത്തരവാണ് ധനകാര്യ വകുപ്പ് ഇറക്കിയിരിക്കുന്നത്. ഏഴു വര്‍ഷത്തിനിടെ 100 രൂപ മാത്രമാണു കഴിഞ്ഞ സര്‍ക്കാര്‍ ഗ്രാന്റ് വര്‍ധിപ്പിച്ചത്. അതും കൂടി ചേര്‍ത്താല്‍ നിലവില്‍ ഒരു അന്തേവാസിക്കുള്ള ഗ്രാന്റ് 1100 രൂപയാണ്. ഭക്ഷണം, മരുന്ന്, വസ്ത്രം, പുനരധിവാസ ക്രമീകരണങ്ങള്‍ എന്നിവയ് ക്കെല്ലാംകൂടി നല്‍കുന്ന തുകയാണിത്. ഈ തുക തന്നെ നല്‍കുന്നത് മുന്‍ വര്‍ഷം ചെലവഴിച്ച തുകയുടെ തിരിച്ചടവായിട്ടാണ്. ചെലവാക്കിയ തുക രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് സാധാരണരീതിയില്‍ ലഭിക്കുക. ഇത്തരത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശിക നല്‍കാനുമുണ്ട്. കേരളത്തില്‍ ഇരുന്നൂറോളം മാനസികരോഗ പുനരധിവാസ കേന്ദ്രങ്ങളുണ്ട്. നൂറുകണക്കിനു ആള്‍ക്കാരെ താമസിപ്പിക്കുന്ന അനവധി സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. ഇതില്‍ 50 പേര്‍ക്കു മാത്രമാണ് ഒരു സ്ഥാപനത്തില്‍ ഗ്രാന്റ് നല്‍കുക.
സമയബന്ധിതമായി ആ പണം ലഭിക്കുന്നുമില്ല. ഒരു സ്ഥാപനത്തിനു ഗ്രാന്റ് ലഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. പുതിയ സ്ഥാപനങ്ങള്‍ക്കു ഗ്രാന്റിന് അനുമതി നല്‍കിയിട്ട് ആറു വര്‍ഷത്തിലധികമായി. ബാലനീതി നിയമം 2016ല്‍ ഭേദഗതി ചെയ്തപ്പോള്‍ ഒരു കുട്ടിക്ക് 2000 രൂപ എന്ന നിലയിലും ജീവനക്കാരുടെ വേതനം തുടങ്ങി ഇതര ധനസഹായവും നല്‍കുമെന്നു പറഞ്ഞിരുന്നു. ഒരു രൂപ പോലും സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ബാലനീതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ മൂലം അടച്ചുപൂട്ടേണ്ടിവന്ന അനാഥാലയങ്ങളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പോലും ഹനിക്കപ്പെട്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി കാലത്ത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതില്‍പോലും സര്‍ക്കാര്‍ സഹായമില്ല.
അനേകരുടെ സഹായത്താലാണ് ഈ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് പൊതുജനങ്ങളുടെ സഹകരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഗ്രാന്റ് സമയബന്ധിതമായി ലഭിക്കാതിരിക്കുന്നതും മനുഷ്യത്വരഹിതമായ ഉത്തരവുകളിലൂടെ നിലവില്‍ ലഭിക്കുന്ന സഹായംകൂടി നിര്‍ത്തലാക്കുന്നതും ഏറെ പ്രതിഷേധാര്‍ഹമാണെന്ന് ഫാ. റോയി മാത്യു പറഞ്ഞു. ക്ഷേമസ്ഥാപനങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ തിരുവോണദിനത്തില്‍ എല്ലാ കളക്ടറേറ്റുകള്‍ക്കു മുന്പിലും സെക്രട്ടേറിയറ്റ് പടിക്കലും പട്ടിണിസമരം ഇരിക്കാനും തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഇതര സമരപരിപാടികളുമായി മുന്നോട്ടു പോകാനും അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഫാ. മാത്യു കെ. ജോണ്‍, ട്രഷറര്‍ പി.കെ. ജോണി എന്നിവരും പങ്കെടുത്തു.