Arts

ബെത്ലഹേം തിരുപ്പിറവി ദേവാലയത്തിലെ 800 വര്‍ഷം പഴക്കമുള്ള പൈപ്പ് ഓര്‍ഗന്‍ പുനര്‍നിര്‍മ്മിക്കുവാന്‍ ശ്രമം

പ്രവാചകശബ്ദം 13-08-2021 - Friday

ജെറുസലേം: യേശുക്രിസ്തുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലെ 800 വര്‍ഷങ്ങളുടെ പഴക്കമുള്ള പുരാതന പൈപ്പ് ഓര്‍ഗന്‍ പുനര്‍നിര്‍മ്മിക്കുവാനുള്ള ശ്രമം ആരംഭിച്ച് സംഗീത ശാസ്ത്രജ്ഞനും, ചരിത്രകാരനുമായ ഡേവിഡ് കാറ്റലുന്യ. ജെറുസലേമില്‍ എത്തിയ ഡേവിഡ്, പൈപ്പുകളെ കുറിച്ചുള്ള പ്രാഥമിക പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മെറ്റല്‍ അനാലിസിസ്, ത്രീഡി സ്കാനിംഗ്, സി.ടി സ്കാന്‍ തുടങ്ങിയ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയാണ് അടുത്ത പടി. യഥാര്‍ത്ഥ പൈപ്പുകളുടെ പകര്‍പ്പുണ്ടാക്കി ഓര്‍ഗന്റെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ച് 800 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഓര്‍ഗന്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ് ഈ പരിശോധനകളുടെ പിന്നിലെ ലക്ഷ്യം. പുരാതന പൈപ്പ് ഓര്‍ഗന് അവശേഷിക്കുന്ന 221 പൈപ്പുകളെകുറിച്ച് വിശകലനം നടത്തിക്കൊണ്ടിരിക്കുന്ന ഡേവിഡ്, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ റിസര്‍ച്ച് ഫെല്ലോ കൂടിയാണ്.

പൈപ്പ് ഓര്‍ഗന്റെ ചരിത്രത്തേക്കുറിച്ചും, സാംസ്കാരിക പശ്ചാത്തലത്തേക്കുറിച്ചും, മധ്യകാലഘട്ടത്തിലെ സഭാ സംസ്കാരത്തെക്കുറിച്ചും, സംഗീതത്തേക്കുറിച്ചും, സാങ്കേതികവിദ്യയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ ഈ സംഗീത ഉപകരണത്തിന്റെ പൈപ്പുകള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഡേവിഡ്. 1906-ല്‍ തിരുപ്പിറവി ദേവാലയത്തിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് ദൈവാരാധനക്ക് ഉപയോഗിച്ചിരുന്ന മറ്റ് സംഗീത ഉപകരണങ്ങള്‍ക്കും, മണികള്‍ക്കും ഒപ്പം ഈ ഓര്‍ഗന്റെ പൈപ്പുകളും കണ്ടെത്തുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഫ്രഞ്ച് കുരിശുയുദ്ധക്കാരായിരിക്കാം ഈ ഓര്‍ഗന്‍ ജെറുസലേമിലേക്ക് കൊണ്ടുവന്നതെന്നാണ് അനുമാനം.

1187-ല്‍ ഈജിപ്ത് സുല്‍ത്താന്‍ സലാഡിന്‍ കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയ സമയത്ത് ദേവാലയ മണികള്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ പ്രതീകങ്ങള്‍ മുഴുവന്‍ നശിപ്പിച്ചിട്ടും ഈ ഓര്‍ഗന്‍ നിലക്കൊണ്ടത് ഒരുപക്ഷേ മരം കൊണ്ടുള്ള ഫര്‍ണിച്ചര്‍ ആണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നും 1244-ല്‍ തുര്‍ക്കികള്‍ ആക്രമിക്കാന്‍ വരുന്നതറിഞ്ഞതുകൊണ്ടാകാം ഈ സാധനങ്ങള്‍ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ചതെന്നുമാണ് ഡേവിഡ് പറയുന്നത്. തന്റെ പരിശോധനയുടെ ആദ്യ മൂന്ന്‍ ദിവസങ്ങളില്‍ ഒരു ഗവേഷകനെന്ന നിലയില്‍ തനിക്ക് വളരെയേറെ പുരോഗതിയുണ്ടാക്കുവാന്‍ കഴിഞ്ഞുവെന്ന്‍ പറഞ്ഞ ഡേവിഡ്, മധ്യകാലഘട്ടത്തിലെ മറ്റൊരു ഓര്‍ഗന്‍ പൈപ്പുകളും പതിനഞ്ചാം നൂറ്റാണ്ടിനപ്പുറം അതിജീവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വിശുദ്ധ നാട്ടിലെ ഫ്രാന്‍സിസ്കന്‍ കസ്റ്റഡിയിലുള്ള ഈ അമൂല്യ നിധി കഴിഞ്ഞ ഒരു നൂറ്റാണ്ടായി ‘സ്റ്റഡിയം ബിബ്ലിക്കം ഫ്രാന്‍സിസ്ക്കാന’ത്തില്‍ സൂക്ഷിച്ചു വരികയായിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »