Arts
ബെത്ലഹേം തിരുപ്പിറവി പള്ളിയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍
പ്രവാചകശബ്ദം 19-11-2021 - Friday
ബെത്ലഹേം: ബെത്ലഹേമില്‍ ലോകരക്ഷകനായ ക്രിസ്തു ജനിച്ചുവെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന തിരുപ്പിറവി ദേവാലയത്തില്‍ (നേറ്റിവിറ്റി ചര്‍ച്ച്) കഴിഞ്ഞ 8 വര്‍ഷങ്ങളായി നടന്നുവന്നിരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സഹോദരസ്ഥാപനമായ എ.സി.ഐ പ്രെന്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശുദ്ധനാട്ടിലെ ഏറ്റവും പഴക്കമേറിയ ദേവാലയങ്ങളില്‍ ഒന്നായ തിരുപ്പിറവി പള്ളിയില്‍ മഴവെള്ളം കൊണ്ട് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കുവാനായിട്ടാണ് വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ആരംഭം കുറിച്ചത്.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും, പുരാതന മൊസൈക്കുകളുടേയും, ചുവര്‍ചിത്രങ്ങളുടേയും, തൂണുകളുടേയും വൃത്തിയാക്കലും, മഴവെള്ളത്തെ പ്രതിരോധിക്കുന്നതിനായി മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണിയുമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഇതാദ്യമായാണ് ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദേവാലയത്തിന്റെ ഭിത്തിയിലൂടെ മഴവെള്ളം തുടര്‍ച്ചയായി ഒഴുകിയത് പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും, ഭിത്തിയിലൂടെ ഒലിച്ചിറങ്ങിയിരുന്ന മഴവെള്ളം കാലക്രമേണ ദേവാലയത്തിന്റെ ഘടനക്കും, പുരാതന മൊസൈക്കുകള്‍ക്കും, ചുവര്‍ചിത്രങ്ങള്‍ക്കും, തറക്കും ഭീഷണിയായെന്നും പുനരുദ്ധാരണത്തിന് വേണ്ടിയുള്ള പലസ്തീനിയന്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയുടെ ചെയര്‍മാനായ സിയാദ് അല്‍-ബണ്ടക് പറഞ്ഞു.
ഏതാണ്ട് 1.5 കോടി യു.എസ് ഡോളര്‍ ചിലവായി. ഇനിയും ഏതാണ്ട് 16.9 ലക്ഷം ഡോളര്‍ കൂടി വേണ്ടിവരും. വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച തുകകൊണ്ടാണ് കഴിഞ്ഞ 8 വര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ബണ്ടക് പറയുന്നു. ഏതാണ്ട് എ.ഡി 330-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പൗരസ്ത്യ ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ്, കത്തോലിക്ക സഭകളുടെ കീഴിലാണ് ഉള്ളത്. 2012-ല്‍ യുനെസ്കോ അപകടഭീഷണി നേരിടുന്ന പൈതൃക കെട്ടിടങ്ങളുടെ പട്ടികയില്‍ തിരുപ്പിറവി പള്ളിയെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും 2019-ല്‍ നീക്കം ചെയ്തു.
കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്നു തിരുപ്പിറവി പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു. വിശുദ്ധ നാട്ടിലെ 80% കുടുംബങ്ങളും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഈ കുടുംബങ്ങളെ കൊറോണ പകര്‍ച്ചവ്യാധി സാരമായി ബാധിച്ചുവെന്നും ബെലെനിലെ സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ‘പ്രൊ ടെറാ സാങ്ക്റ്റാ’ പദ്ധതികളുടെ ചുമതലക്കാരനായ വിന്‍സെന്‍സോ ബെല്ലോമോ പറഞ്ഞു. തിരുപ്പിറവി പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വിശുദ്ധ നാട് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് പ്രതിസന്ധിയിലായ ഈ കുടുംബങ്ങള്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക