Faith And Reason - 2024

ബെത്ലഹേം നഗരത്തിലെ ക്രിസ്തുമസ് ആഘോഷം പ്രാർത്ഥനാനിർഭരം; പങ്കുചേർന്ന് ഭാരതത്തിൽ നിന്നുള്ള തീർത്ഥാടകരും

പ്രവാചകശബ്ദം 27-12-2022 - Tuesday

ബെത്ലഹേം: ഏകരക്ഷകനായ യേശുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ ബെത്ലഹേം നഗരത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം രണ്ട് വർഷമായി മുടങ്ങിയ ക്രിസ്തുമസ് ആഘോഷങ്ങൾ ഇത്തവണ പ്രാർത്ഥനാനിർഭരമായി നടന്നു. ബെത്ലഹേം നഗരത്തിൽ ഇത്തവണ വിപുലമായ ആഘോഷങ്ങളാണ് നടന്നത്. ലോകമെമ്പാടും നിന്ന് നിരവധി തീർത്ഥാടകരാണ് ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ നാട്ടിൽ എത്തിചേർന്നത്. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ലാറ്റിൻ പാത്രിയാർക്കീസ് ആർച്ച്‌ ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബെല്ല തിരുപിറവി ദേവാലയത്തില്‍ നടന്ന തിരുകർമ്മങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ അഞ്ച് സംഘങ്ങളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ഇരുന്നൂറ്റിഅൻപതോളം ഇന്ത്യക്കാർ ആഘോഷങ്ങളുടെ ഭാഗമാകാൻ ഇവിടേക്ക് എത്തിയെന്നും, അവിടെ നിലവില്‍ ഇവിടെ കഴിയുന്ന നിരവധി ഇന്ത്യക്കാരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തുവെന്നും സ്കോപ്പസ് വേൾഡ് ട്രാവലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശോക് രവി പിടിഐ എന്ന മാധ്യമത്തോട് പറഞ്ഞു.

സിറിയൻ ഓർത്തഡോക്സ് സഭയുടെ കോർ എപ്പിസ്കോപ്പ ഫാ. സ്ലീബാ കാട്ടുമങ്ങാട്ടിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നും 50 പേരുടെ തീർത്ഥാടക സംഘമാണ് ഇത്തവണ ബെത്ലഹേമിൽ എത്തിയത്. വിശുദ്ധ നാട്ടിൽ സമാധാനത്തിന് വേണ്ടി പ്രാർത്ഥിച്ചുവെന്നും, വ്യത്യസ്തതകൾക്ക് സമാധാനത്തോടെ പരിഹാരം കാണാൻ ആളുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാ. സ്ലീബാ പറഞ്ഞു. നേരത്തെ പലസ്തീനിലെ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും സ്കൗട്ടിന്റെ പരേഡോടുകൂടിയാണ് ബെത്ലഹേം നഗരത്തിൽ ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുപ്പിറവി ദേവാലയത്തിന്റെ പുറത്ത് മാങ്കർ സ്ക്വയറിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അവർ നടന്നു നീങ്ങി.

പ്രധാനപ്പെട്ട ആഘോഷ പരിപാടികൾ അരങ്ങേറിയ മാങ്കർ സ്ക്വയറിൽ മനോഹരമായ ഒരു ക്രിസ്തുമസ് ട്രീയും അണിയിച്ചൊരുക്കിയിരുന്നു. ആഘോഷ പരിപാടികളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു ലക്ഷത്തിഇരുപതിനായിരം ആളുകൾ എത്തുമെന്നാണ് ഇസ്രായേൽ ടൂറിസം മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങൾക്ക് മുൻപ് 2019 ഒരു ലക്ഷത്തിഅൻപതിനായിരം ആളുകളാണ് പരിപാടികളിൽ പങ്കെടുക്കാൻ എത്തിയത്. ഇത് ഒരു റെക്കോർഡ് ആയിരുന്നു. അതേസമയം ജനുവരി മാസം മുതൽ നവംബർ മാസം വരെ 12 ലക്ഷത്തോളം ക്രൈസ്തവ തീർത്ഥാടകർ ഇസ്രായേലിലേക്ക് എത്തിയെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ കണക്ക്.


Related Articles »