News - 2025
രണ്ടാം ജന്മശതാബ്ദി: കൊറിയയുടെ പ്രഥമ വൈദികനും വിശുദ്ധനുമായ ആൻഡ്രൂ കിമിനെ അനുസ്മരിച്ച് പാപ്പ
പ്രവാചകശബ്ദം 22-08-2021 - Sunday
സിയോള്‍/ റോം: കൊറിയക്കാരനായ പ്രഥമ കത്തോലിക്ക വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ ആൻഡ്രൂ കിമിനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധന്റെ രണ്ടാം ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്നലെ ആഗസ്റ്റ് 21ന് വത്തിക്കാനിൽ നടത്തിയ പ്രത്യേക ബലിയര്‍പ്പണത്തില്‍, സുവിശേഷവത്ക്കരണത്തിന്റെ അശ്രാന്തനായ അപ്പസ്തോലൻ എന്ന വിശേഷണമാണ് ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ ആൻഡ്രൂവിന് നല്‍കിയത്. ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ മനോഹരമായ മുഖത്തെ വികൃതമാക്കുന്ന തിന്മയുടെ നിരവധി സ്വാധീനങ്ങളുടെ പശ്ചാത്തലത്തിൽ, മാമ്മോദീസ സ്വീകരിച്ച വ്യക്തിയുടെയും ദൗത്യത്തിന്റെ പ്രാധാന്യം നാം വീണ്ടും കണ്ടെത്തേണ്ടതുണ്ടെന്ന് വിശുദ്ധ കിമ്മിനെ ചൂണ്ടിക്കാട്ടി പാപ്പ ഓര്‍മ്മിപ്പിച്ചു.
1821-ലാണ് സെന്റ് ആൻഡ്രൂ കിമിന്റെ ജനനം. 1844-ല്‍ ഷാങ്ഹായിൽ ഫ്രഞ്ച് ബിഷപ്പ് ജീൻ-ജോസഫ്-ജീൻ-ബാപ്റ്റിസ്റ്റ് ഫെറോൾ നിന്ന് അദ്ദേഹം തിരുപട്ടം സ്വീകരിച്ചു. ജോസോൺ രാജവംശകാലത്ത് ക്രൈസ്തവ വിശ്വാസം അടിച്ചമർത്തപ്പെടുകയും അനേകം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. ഇക്കാലയളവില്‍ ക്രൈസ്തവ വിശ്വാസം ഹൃദയത്തില്‍ സൂക്ഷിച്ചുക്കൊണ്ട് രഹസ്യമായാണ് ഇവര്‍ വിശ്വാസ അനുഷ്ഠാനങ്ങളില്‍ പങ്കുചേര്‍ന്നത്. ഇവരുടെ ഇടയില്‍ സജീവ ശുശ്രൂഷയുമായി വിശുദ്ധ കിം ഉണ്ടായിരിന്നു. 1846-ൽ, ഇരുപത്തിയഞ്ചാം വയസ്സിൽ ഹാൻ നദിയിലെ സിയോളിന് സമീപം അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു ശിരഛേദം ചെയ്തു കൊലപ്പെടുത്തുകയായിരിന്നു. 1984 മെയ് 6-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ അദ്ദേഹത്തെയും 102 കൊറിയൻ രക്തസാക്ഷികളെയും വിശുദ്ധരായി പ്രഖ്യാപിച്ചു.