News - 2025

അഫ്ഗാനിസ്ഥാന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ക്രൈസ്തവർക്ക് എയർപോർട്ടിലും അവഗണന; ആശങ്ക പങ്കുവെച്ച് സന്നദ്ധസംഘടനകൾ

പ്രവാചക ശബ്ദം 26-08-2021 - Thursday

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈനികർ പൂർണ്ണമായും രാജ്യം വിടാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ അഫ്ഗാനിസ്ഥാന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ക്രൈസ്തവർക്ക് എയർപോർട്ടിൽ കടുത്ത അവഗണന നേരിടുന്നതായി പരാതി. കാബൂൾ എയർപോർട്ടിൽ നടക്കുന്ന സംഭവവികാസങ്ങളെ പറ്റിയുള്ള ആശങ്ക വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ കാത്തലിക് ന്യൂസ് ഏജൻസിയുമായിട്ടാണ് പങ്കുവെച്ചത്.

ജൂലൈ അവസാനം മുതൽ 87,900 ആളുകളെയാണ് സുരക്ഷിതമായി അമേരിക്കയുടെയും മറ്റു സഖ്യകക്ഷികളുടെയും വിമാനങ്ങളിൽ രാജ്യത്തിന്റെ പുറത്തേക്ക് കടത്തിയത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശമനുസരിച്ച് സംരക്ഷിക്കേണ്ട ആൾക്കാരുടെ മുൻഗണനാക്രമം വിവിധ സംഘടനകൾ അയച്ചു കൊടുത്തെങ്കിലും, അത് നടപ്പിലാക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്ന് കതാർതിസ്മോസ് ഗ്ലോബൽ എന്ന വെർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഗ്ലിക്കൻ സന്നദ്ധസംഘടനയുടെ ഡയറക്ടർ ഓഫ് അഡ്വക്കസി ഫെയ്ത്ത് മക്ഡോണൽ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. എയർപോർട്ടിൽ സ്വാധീനം ഇല്ലെങ്കിൽ മുൻഗണ ലഭിക്കുന്ന സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ വലിയ ഭീഷണിയാണ് അഭിമുഖീകരിക്കുന്നതെങ്കിലും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുൻഗണന പട്ടികയായ പി-2ൽ ക്രൈസ്തവരും, മറ്റു മത ന്യൂനപക്ഷങ്ങളും ഉൾപ്പെട്ടിട്ടില്ലായെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടി.

സ്ത്രീകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരാണ് ഈ പട്ടികയിൽ ഉള്ളത്. അമേരിക്കയുടെ വിമാനങ്ങളിൽ തങ്ങളെ കയറാൻ അനുവദിക്കുന്നില്ല എന്ന് ആശങ്കപങ്കുവെച്ച് കൊണ്ട് ക്രൈസ്തവ വിശ്വാസികൾ തനിക്ക് ഇമെയിലുകൾ അയച്ചുവെന്ന് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെന്റർ ഫോർ റിലീജിയസ് ഫ്രീഡം അധ്യക്ഷ പദവിയിലിരിക്കുന്ന നിന ഷിയ കാത്തലിക് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. കൺസർവേറ്റീവ് റേഡിയോ അവതാരകൻ ഗ്ലെൻ ബെകിന്റെ കാബൂളിൽ നിന്നുള്ള വിമാനങ്ങളിൽ പകരം കയറാൻ അവർക്ക് താൻ നിർദ്ദേശം നൽകിയതായും നിന കൂട്ടിച്ചേർത്തു.

ഇനിയും 5400 അമേരിക്കൻ സൈനികരാണ് രാജ്യത്ത് ശേഷിക്കുന്നത്. സമയപരിധി നീട്ടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം അമേരിക്കൻ സൈന്യത്തിന്റെ പൂർണ്ണ പിന്മാറ്റത്തോടെ തങ്ങളുടെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് രാജ്യത്തെ ക്രൈസ്തവർ. മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുവാൻ എല്ലാ മാർഗ്ഗങ്ങളും ക്രൈസ്തവർ തേടുന്നുണ്ട്.