India - 2025
ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന് ഇന്നു യാത്രാമൊഴി
പ്രവാചകശബ്ദം 28-08-2021 - Saturday
ന്യൂഡല്‍ഹി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാലംചെയ്ത ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ സംസ്‌കാരം ഇന്ന്. ഡല്‍ഹി നെബ്സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 10ന് തുടങ്ങുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ മറ്റു ബിഷപ്പുമാര്‍ ശൂശ്രൂഷകളില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, അല്‍ഫോന്സ് കണ്ണന്താനം എംപി, പൗരപ്രമുഖര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ ഇന്നലെ നെബ് സരായി കത്തീഡ്രലിലെത്തി പരേതന് ആദരമര്‍പ്പിച്ചു.
ഡല്‍ഹി ഫരീദാബാദ് രൂപതാ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, സിബിസിഐ വൈസ് പ്രസിഡന്റ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍, ഷിംല ചണ്ഡിഗഡ് ബിഷപ്പ് ഡോ. ഇഗ്‌നേഷ്യസ് ലയോള മസ്‌ക്രീനാസ്, ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഡല്‍ഹി അതിരൂപതാ നിയുക്ത സഹായമെത്രാന്‍ മോണ്‍. ദീപക് വലേറിയന്‍ തോറോ, ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ് ജോണ്‍ മോര്‍ ഐറേനിയോസ്, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ തുടങ്ങിയവര്‍ ഇന്നലെ പള്ളിയിലെത്തി പ്രാര്‍ത്ഥനകള്‍ നടത്തി.