India - 2025
മലങ്കര കത്തോലിക്കാസഭ എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന കണ്ണി: ജോസഫ് ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത
22-09-2021 - Wednesday
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നു ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാസഭാ 91ാം പുനരൈക്യ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കര കത്തോലിക്കാ സഭ ഐക്യത്തിന്റെ സന്ദേശം ലോകത്തിനു കാണിച്ചുകൊടുത്ത സഭയാണ്. ദൈവത്തിന്റെ അകമഴിഞ്ഞ അനുഗ്രഹം ഈ സഭയക്ക് ലഭിച്ചു. സഭ ധന്യമായിരിക്കുന്നത് പിതാക്കന്‍മാരുടെ പ്രാര്‍ഥനാ ജീവിതത്താലാണ്. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ സഭ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തട്ടേയെന്നും മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ആശംസിച്ചു.
മഹത്തായ ഒരു ദേശത്ത് ജനിക്കുന്നതിനും ആ സംസ്‌കാരത്തില്‍ ജീവിക്കുന്നതിനും ഉള്ള അത്യപൂര്‍വഭാഗ്യമാണ് നമുക്കുണ്ടായിരിക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു.
മാര്‍ ഈവാനിയോസ് അനന്തപുരിയില്‍ സ്ഥിരതാമസമാക്കിയ നാള്‍ മുതല്‍ ഇന്നുവരെ സവിശേഷമായ ബന്ധം കൈമുതലാക്കി. ഇന്നും അതു കാത്തു സൂക്ഷിക്കുന്നു. പ്രപഞ്ചത്തില്‍ ഏറ്റം പ്രാധാന്യം ദൈവം കല്‍പിച്ചുനല്കിയിരിക്കുന്നത് മനുഷ്യനാണ്. സ്‌നേഹത്തിന്റെ ഏറ്റവും വലിയ ആവിഷ്‌ക്കാരമാണ് മനുഷ്യന്‍. മനുഷ്യനിലെ ദൈവിക ഭാവം എന്നത് അവന്റെ മഹത്വത്തിന്റെ അടയാളമാണ്. ഇത് പഠിപ്പിച്ച മാര്‍ ഈവാനിയോസിനെയും മാര്‍ ഗ്രീഗോറിയോസിനെയും സിറിള്‍ മാര്‍ ബസേലിയോസിനെയും ഉള്‍പ്പെടെ ആദരവോടെയും കൃതജ്ഞതയോടെയും കാണണം. നന്മചെയ്തു ജീവിക്കുന്നതിന് ഈ കാലഘട്ടത്തില്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
പുനരൈക്യസമ്മേളനത്തിന്റെ പ്രസക്തി ഏറെയാണെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ലത്തീന്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എ. സൂസാപാക്യം അഭിപ്രായപ്പെട്ടു. എല്ലാ സഭകള്‍ക്കും മാതൃകയാണ് മലങ്കര സഭ. സഭയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാലോതിക്കാബാവ നല്കിയ സംഭാവനകള്‍ ഏറെയാണെന്ന് ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു. പുനരൈക്യ സമ്മേളനം സമൂഹത്തിനു പകര്‍ന്നു നല്കുന്നത് ഐക്യത്തിന്റെ സാക്ഷ്യമെന്നു സിഎസ്‌ഐ സഭാ മോഡറേറ്റര്‍ റവ. ധര്‍മരാജ് റസാലം അഭിപ്രായപ്പെട്ടു.
മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, ശശി തരൂര്‍ എംപി , കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, വി.കെ. പ്രശാന്ത് എംഎല്‍എ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഫാ. ജോസഫ് കീപ്രത്ത്, ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, നഗരസഭാംഗങ്ങളായ വനജ രാജേന്ദ്രന്‍, ജോണ്‍സണ്‍ ജോസഫ് ,മോണ്‍. മാത്യു മനക്കരകാവില്‍ കോര്‍ എപ്പിസ്‌കോപ്പ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത് , ജനറല്‍ കണ്‍വീനര്‍ ഫാ. നെല്‍സണ്‍ വലിയ വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റല്‍ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സ്റ്റാന്പ് ചടങ്ങില്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ പ്രകാശനം ചെയ്തു.