News - 2025

ക്ലരീഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ പദവിയില്‍ ഫാ. മാത്യു വട്ടമറ്റം വീണ്ടും

പ്രവാചകശബ്ദം 31-08-2021 - Tuesday

റോം: പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്പെയിനില്‍ സ്ഥാപിതമായ സന്യാസസമൂഹമായ ക്ലരീഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ പദവിയിലേക്ക് പാലാ രൂപതാംഗമായ ഫാ. മാത്യു വട്ടമറ്റം സി.എം.എഫ് രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ സുപ്പീരിയര്‍ ജനറലായി സേവനം ചെയ്തുകൊണ്ടിരിന്ന അദ്ദേഹത്തെ ഇന്നലെ ഓഗസ്റ്റ് 30 റോമിൽ സമ്മേളിച്ച ജനറൽ ചാപ്റ്ററിലാണ് വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പാലാ രൂപതയിലെ കളത്തൂര്‍ സെന്‍റ് മേരീസ് ഇടവകാംഗമായ ഫാ. വട്ടമറ്റം ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്.

1959ൽ കളത്തൂർ സെന്റ് മേരീസ് ഇടവക വട്ടമറ്റം പോളിന്റെയും പരേതയായ അന്നമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം 1974 ജൂലൈ മൂന്നിനു കുറവിലങ്ങാട് ക്ലരീഷ്യൻ ഭവനിൽ സന്യാസാർത്ഥിയായി ചേർന്നു. 1986 മേയ് 10ന് തിരുപ്പട്ടവും സ്വീകരിച്ചു. കേരളത്തിലും കർണാടകയിലും ശുശ്രൂഷ ചെയ്തു അദ്ദേഹം 1989 മുതൽ 1994വരെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. പിന്നീട് ബംഗളൂരുവിലെ ക്ലാരറ്റ് നിവാസ് ധ്യാനകേന്ദ്രം ഡയറക്ടറായും ബംഗളൂരു പ്രോവിൻസ് നൊവിസ് മാസ്റ്ററായും സേവനം ചെയ്തു. 12 വര്‍ഷം സഭയുടെ ജനറല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ച ശേഷമാണ് ആദ്യമായി ജനറാളായി തെരഞ്ഞെടുക്കപ്പെട്ടത്.

ലോകത്തിലെ എല്ലാ ക്ലരീഷ്യന്‍ സെമിനാരി വിദ്യാര്‍ത്ഥികളുടേയും സന്യാസപരിശീലനത്തിന്‍റെ ചുമതലയാണു കൗണ്‍സിലറെന്ന നിലയില്‍ വഹിച്ചിരുന്നത്. ആഗോളതലത്തില്‍ 65 രാജ്യങ്ങളിലായി മൂവായിരത്തിലേറെ അംഗങ്ങളുള്ള സന്യാസസമൂഹം പതിനേഴോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും സേവനം ചെയ്യുന്നുണ്ട്. 1960കളില്‍ തന്നെ ഇന്ത്യയില്‍ നിന്ന് ക്ലരീഷ്യന്‍ സഭയിലേയ്ക്ക് അംഗങ്ങളെ സ്വീകരിച്ചു തുടങ്ങിയിരിന്നു. ആദ്യത്തെ പുരോഹിതരുടെ പരിശീലനം ജര്‍മ്മനിയിലായിരുന്നു. അവര്‍ തിരിച്ചുവന്ന് 1970-ല്‍ ഇവിടെ സന്യാസഭവനമാരംഭിച്ചു. ഇന്ത്യയില്‍ കേരളം, ബാംഗ്ലൂര്‍, ചെന്നൈ, നോര്‍ത്ത് ഈസ്റ്റ്, ജാര്‍ഖണ്ഡ് തുടങ്ങീ അഞ്ചു പ്രോവിന്‍സുകള്‍ ഉണ്ട്. ഇതില്‍ മലയാളി വൈദികര്‍ മുന്നൂറ്റമ്പതോളം പേരുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »