Life In Christ - 2024

സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്തു യേശുനാമം മന്ത്രിക്കുക: നിയുക്ത തുര്‍ക്കി അപ്പസ്തോലിക് വികാറിന്റെ ആഹ്വാനം

പ്രവാചകശബ്ദം 22-09-2021 - Wednesday

റോം: വാക്കുകള്‍ കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്ത് ദിവ്യകാരുണ്യത്തോടൊപ്പം യേശുനാമം മന്ത്രിച്ചുകൊണ്ട് അവിടുത്തെ ജീവനോടെ നിലനിര്‍ത്തുക എന്നതാണ് തുര്‍ക്കി കത്തോലിക്ക സഭയുടെ ദൈവീക ദൗത്യമെന്ന് ഇസ്താംബൂളിന്റെ നിയുക്ത അപ്പസ്തോലിക വികാര്‍ ഫാ. മാസ്സിമിലിയാനോ പാലിനുറോ. ഇക്കഴിഞ്ഞ ദിവസമാണ് ഫാ. മാസ്സിമിലിയാനോയെ ഫ്രാന്‍സിസ് പാപ്പ ഇസ്താംബൂളിന്റെ പുതിയ അപ്പസ്തോലിക വികാറായി നിയമിച്ചത്. ഹാഗിയ സോഫിയ അടക്കമുള്ള പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍ മുസ്ലിം മോസ്ക്കാക്കി മാറ്റുകയും തീവ്ര ഇസ്ലാമിക നിലപാട് പിന്തുടരുകയും ചെയ്യുന്ന തുര്‍ക്കി പ്രസിഡന്‍റ് തയിബ് ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന രാജ്യത്തു വലിയ ദൌത്യമാണ് ഫാ. മാസ്സിമിലിയാനോയ്ക്കു ലഭിച്ചിരിക്കുന്നത്.

ഇസ്താംബൂളിലെ കത്തോലിക്ക സമൂഹത്തെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും, ഇസ്താംബൂളിനെ സംബന്ധിച്ചിടത്തോളം എക്യുമെനിസത്തില്‍ അധിഷ്ടിതമായ സമീപനമാണ് വേണ്ടതെന്നും ഫാ. മാസ്സിമിലിയാനോ പറഞ്ഞു. ഏതാണ്ട് 45 ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളാണ് തുര്‍ക്കി സഭയുടെ മറ്റൊരു വെല്ലുവിളി. വിദേശമതമായി പരിഗണിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തെ തുര്‍ക്കി സംസ്കാരത്തോട് കൂടുതല്‍ അടുപ്പിക്കുകയാണ് വേണ്ടത്. ഇക്കൊല്ലം സെമിനാരി പഠനം ആരംഭിച്ച തുര്‍ക്കി സ്വദേശിയായ ഒരു യുവാവ് പ്രാദേശിക വിശ്വാസീ സമൂഹത്തിന്റെ വളര്‍ച്ചയുടെ ആദ്യ വിത്തായി മാറുമെന്ന പ്രതീക്ഷയും ഫാ. മാസ്സിമിലിയാനോ പങ്കുവെച്ചു.

ഇസ്മിര്‍ മെട്രോപ്പൊളിറ്റന്‍ അതിരൂപതയിലാണ് തുര്‍ക്കിയിലെ തന്റെ പ്രേഷിത ദൗത്യം ഫാ. മാസ്സിമിലിയാനോ ആരംഭിക്കുന്നത്. 2006-ല്‍ ഫാ. ആന്‍ഡ്രീ സാന്റൊറോ എന്ന വൈദികന്‍ വെടിയേറ്റ്‌ മരിച്ച ട്രാബ്സോണിലെ വികാരിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. തുര്‍ക്കി സഭ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് പറഞ്ഞ ഫാ. മാസ്സിമിലിയാനോ ഫാ. ആന്‍ഡ്രീയുടെ മരണം തുര്‍ക്കിയിലെ സുവിശേഷ പ്രഘോഷണം ഭയംകൂടാതെ ചെയ്യേണ്ട അപകടകരമായ ദൗത്യമാണെന്ന കാര്യം തങ്ങളെ പഠിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 7-ന് നടക്കുന്ന എപ്പിസ്കോപ്പല്‍ അഭിഷേക കര്‍മ്മങ്ങള്‍ക്ക് പൌരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രാദേശിക ബിഷപ്പ് സെര്‍ജിയോ മെലില്ലോയും, അനാട്ടോളിയ അപ്പസ്തോലിക വികാര്‍ മെത്രാന്‍ പാവ്ലോ ബിസെട്ടിയും സഹകാര്‍മ്മികരായിരിക്കും. ഡിസംബര്‍ 18-നായിരിക്കും നിയുക്ത അപ്പസ്തോലിക വികാര്‍ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ്‌ കത്തീഡ്രലില്‍വെച്ച് ചുമതലയേല്‍ക്കുക. 1999 ഏപ്രില്‍ 24-ന് തിരുപ്പട്ട സ്വീകരണം നടത്തിയ ഫാ. മാസ്സിമിലിയാനോ തുര്‍ക്കിയിലെ ഫിദേയി ഡുനം മിഷനില്‍ 9 വര്‍ഷക്കാലം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.


Related Articles »