Arts - 2025

'ആഫ്രിക്കൻ ഡോൺ ബോസ്കോയുടെ' കഥപറയുന്ന ചലച്ചിത്രം പ്രദർശനത്തിന്

പ്രവാചകശബ്ദം 24-09-2021 - Friday

ഡബ്ലിന്‍: സലേഷ്യൻ സഭയുടെ സ്ഥാപകൻ വിശുദ്ധ ഡോൺബോസ്കോയുടെ ജീവിതം പ്രചോദനമായി സ്വീകരിച്ച അമേരിക്കൻ വൈദികന്റെ കഥ പറയുന്ന നൈജീരിയൻ ചിത്രം 'ഒറേറ്ററി' പ്രദർശനത്തിനെത്തി. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലാണ് സെപ്റ്റംബർ പത്താം തീയതി ആദ്യത്തെ പ്രദർശനം നടന്നത്. കൂടാതെ നാല് ഭൂഖണ്ഡങ്ങളിലെ 16 നഗരങ്ങളിലായി പ്രദർശനത്തിന് വേണ്ടി അണിയറപ്രവർത്തകർ തയ്യാറെടുക്കുകയാണ്. ഇതിൽ ലണ്ടൻ, റോം, പാരീസ്, അബൂജ തുടങ്ങിയ നഗരങ്ങളും ഉൾപ്പെടും. ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന മത പീഡനവും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും, സഭയിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട പ്രാധാന്യത്തെ കുറിച്ചും സിനിമയില്‍ പ്രമേയമാകുന്നുണ്ട്.

അമേരിക്കയിൽ ജീവിക്കുന്ന നൈജീരിയൻ വേരുകളുള്ള റിച്ചി ലോവേ ഇകേന എന്നയാളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഫാ. മൈക്കിൾ സൈമൺസിനെ അവതരിപ്പിക്കുന്നത്. മൈക്കിളിനെ ഇറ്റലിയിലെ ടൂറിനിൽ നിന്നും നൈജീരിയയിലെ ലാഗോസ് അതിരൂപതയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇടവക ദേവാലയത്തിലേക്ക് അയക്കുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അവിടെവച്ച് മക്കോകോ എന്ന ചേരിയിലെ കുട്ടികളെ പറ്റി അദ്ദേഹം മനസ്സിലാക്കുകയും അവർക്കുവേണ്ടി ഒരു ഒറേറ്ററി ആരംഭിക്കുകയും ചെയ്യുന്നു. ഇതിനു വേണ്ടി ഫാ. മൈക്കിൾ അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധി വിഷയങ്ങളും ചര്‍ച്ചയാകുന്നുണ്ട്.

കുട്ടികളെ ദുരുപയോഗം ചെയ്തിരുന്ന ക്രിമിനൽ സംഘങ്ങളെ പോലും അദ്ദേഹത്തിന് നേരിടേണ്ടതായി വരുന്നു. ഇതെല്ലാം ചെയ്യാൻ അദ്ദേഹത്തിന് പ്രചോദനമായത് വിശുദ്ധ ഡോൺബോസ്കോയുടെ ജീവിതമാണെന്ന് സിനിമ ചൂണ്ടിക്കാണിക്കുന്നു. 1891ലാണ് ഡോൺബോസ്കോ സ്ഥാപിച്ച സലേഷ്യൻ സഭ ഉത്തര ആഫ്രിക്കയിലെ അൾജീരിയയിൽ എത്തുന്നത്. 1893ൽ സലേഷ്യൻ സഭയിലെ സന്യാസിനികളും ഇവിടെയെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒറേറ്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫാ. സിറിൽ ഒഡിയ 'എസിഐ ആഫ്രിക്ക' എന്ന മാധ്യമത്തോട് പറഞ്ഞു. ഒബി എമിൽഒൻയേ എന്ന നൈജീരിയൻ സ്വദേശിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »