India - 2025
കുടുംബങ്ങളില്‍ സഭയുടെ പ്രേഷിതദൗത്യം പ്രകാശിതമാകണം: മാര്‍ ജോസഫ് പെരുന്തോട്ടം
പ്രവാചകശബ്ദം 26-09-2021 - Sunday
ഭരണങ്ങാനം: കുടുംബങ്ങളില്‍ സഭയുടെ പ്രേഷിതദൗത്യം പ്രകാശിതമാകണമെന്നും കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി പൂര്‍വപിതാക്കന്മാര്‍ വിഭാവനം ചെയ്ത മാര്‍ഗത്തിലൂടെ മിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി വിളംബരം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഭരണങ്ങാനം അല്‍ഫോന്‍സാ ദേവാലയ ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രാതിനിധ്യ സ്വഭാവത്തോടെ നടത്തിയ ജൂബിലിവിളംബര സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. ജൂബിലിവര്‍ഷത്തോടനുബന്ധിച്ചു നടത്തുന്ന 75 ലക്ഷം സുകൃതജപ പ്രഖ്യാപനം വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ നടത്തി. രൂപതകള്‍ക്കുള്ള ജൂബിലിദീപവും ജൂബിലിബാനറും രൂപതാ പ്രസിഡന്റുമാര്‍ക്കു കൈമാറി. ജൂബിലി പ്രവര്‍ത്തന മാര്‍ഗരേഖയുടെ പ്രകാശനവും സമ്മാനവിതരണവും മാര്‍ പെരുന്തോ ട്ടം നിര്‍വഹിച്ചു.
മിഷന്‍ ലീഗ് പാലാ രൂപത പ്രസിഡന്റ് ജസ്റ്റിന്‍ വയലില്‍ മാര്‍ഗരേഖ ഏറ്റുവാങ്ങി. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനിയില്‍, ദേശീയ പ്രസിഡന്റ് ബിനോയ് പള്ളിപ്പറമ്പില്‍, അന്തര്‍ദേശീയ പ്രതിനിധി ഡേവിസ് വല്ലൂരാന്‍, അരുണ്‍ ജോസ്, ഫാ. മാത്യു സുഭാഷ് വ്യാക്കുഴ, ഫാ. ജോസഫ് പുരയിടത്തില്‍മാട്ടേല്‍, ജിന്റോ തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള സംസ്ഥാന സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.