India

ക്രിസ്തുവിന്റെ മൗതീക ശരീരമാകുന്ന സഭയ്ക്കു വേണ്ടി കൈകോര്‍ത്ത് പൂങ്കാവ് ഇടവക യുവജനങ്ങള്‍

പ്രവാചകശബ്ദം 27-09-2021 - Monday

ആലപ്പുഴ: ക്രൈസ്തവർ നേരിടുന്ന അവഹേളനത്തിനും അക്രമണത്തിനും അതിരിടാനും ക്രൈസ്തവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും സംവരണങ്ങൾ നേടിയെടുക്കാൻ ക്രൈസ്തവ യുവത്വം ഇറങ്ങി തിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ആലപ്പുഴ പൂങ്കാവ് അവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിലെ യുവജന സംഘടനകൾ സംയുക്തമായി പ്രാർത്ഥന പ്രതികരണ യോഗം സംഘടിപ്പിച്ചു. ഇന്നലെ (സെപ്റ്റംബർ 26 ഞായറാഴ്ച) വൈകുന്നേരം നടന്ന Light Of Faith പരിപാടിയില്‍ യുവജനങ്ങൾ നേതൃത്വംനൽകിയ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് പ്രതികരണയോ​ഗവും, പ്രതിജ്ഞയും നടത്തപ്പെട്ടു.

യോഗത്തിൽ കാത്തലിക് സൈബര്‍ ആക്റ്റിവിസ്റ്റ് സിറാജ് ജോസഫ് വിഷയാവതരണം നടത്തി. ലോകം മുഴുവൻ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, ക്രൈസ്തവ ആനുകൂല്യങ്ങളും സംവരണങ്ങളും നേടിയെടുക്കുന്നതിനായി പ്രവർത്തിക്കുക, സത്യങ്ങൾ തുറന്നു പറഞ്ഞ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, കേരളത്തിൽ വെല്ലുവിളി ഉയര്‍ത്തുന്ന ലൗ ജിഹാദ്, മയക്കുമരുന്ന് ജിഹാദ് എന്നിവയെ പ്രതിരോധിക്കാനായി കൈകോർക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സിറാജ് പറഞ്ഞു.

ഇടവക വികാരി റവ. ഡോ. ജോസി കണ്ടനാട്ടുതറ യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ച യോഗത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ ദൗത്യത്തെക്കുറിച്ച് ബിഷപ്പ് റവ. ഡോ. ജെയിംസ് റാഫേൽ ആനാപ്പറമ്പിലും, ലോകം മുഴുവനുമുള്ള ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് റവ. ഫാ. സേവ്യർ ഖാൻ വട്ടായിലും, ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് റവ. ഡോ. ജോഷി മയ്യാറ്റിലും, ക്രൈസ്തവ ആനുകൂല്യങ്ങളെയും സംവരണങ്ങളെയും കുറിച്ച് അഡ്വ. ഷെറിയും സംസാരിച്ചു. യോഗത്തിൽ കെസിവൈഎം പ്രസിഡന്റ് സിജോ യുവജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ജീസസ് യൂത്ത് കോഡിനേറ്റർ ജെറി നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്ന് വിശ്വാസത്തിന് വെളിച്ചമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ യുവത്വം എന്ന് സൂചിപ്പിച്ചുകൊണ്ട് ഇടവക ദേവാലയത്തിന്റെ മുറ്റത്ത് യുവജനങ്ങൾ ദീപങ്ങൾ തെളിയിച്ചു.


Related Articles »