News

അഫ്ഗാനില്‍ നേരിട്ട പ്രതിസന്ധി വിവരിച്ച് ഇറ്റാലിയന്‍ സായുധസേന രക്ഷപ്പെടുത്തിയ പാക്ക് കന്യാസ്ത്രീ

പ്രവാചകശബ്ദം 30-09-2021 - Thursday

റോം: താലിബാന്‍ തീവ്രവാദികള്‍ നിയന്ത്രണത്തിലാക്കിയ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറ്റാലിയന്‍ സായുധ സേനയുടെ സഹായത്തോടെ രക്ഷപ്പെടുവാന്‍ കഴിഞ്ഞ പാക്കിസ്ഥാന്‍ സ്വദേശിനിയും ചാരിറ്റി ഓഫ് സെയിന്റ് ജിയാന്നെ-ആന്റിഡെ തൗരെത്ത് സഭാംഗവുമായ കന്യാസ്ത്രീ സിസ്റ്റര്‍ ഷഹനാസ് ഭട്ടി അഫ്ഗാനിസ്ഥാനില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെകുറിച്ച് നല്‍കിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന് നല്‍കിയ അഭിമുഖത്തിലാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതിയെക്കുറിച്ച് സിസ്റ്റര്‍ വിവരിച്ചത്. ‘നമുക്ക് കാബൂളിലെ കുട്ടികളേ രക്ഷിക്കാം’ എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമനുസരിച്ച് 2001-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കാബൂളിലെ കുട്ടികള്‍ക്ക് വേണ്ടി സേവനം ചെയ്യുവായി രണ്ടുവര്‍ഷം മുന്‍പ് സിസ്റ്റര്‍ ഷഹനാസ് അഫ്ഗാനിസ്ഥാനില്‍ എത്തിയത്.

മറ്റ് രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം കാബൂളില്‍ 6 നും 10നും ഇടയില്‍ പ്രായമുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി ഒരു സ്കൂള്‍ നടത്തിവരികയായിരുന്നു സിസ്റ്റര്‍ ഷഹനാസ്. ഇറ്റാലിയന്‍ യൂണിയന്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്സ് വഴിയാണ് തനിക്കും മറ്റ് രണ്ട് കന്യാസ്ത്രീകള്‍ക്കും (സിസ്റ്റര്‍ തെരേസ, സിസ്റ്റര്‍ ഐറിന്‍) രക്ഷപ്പെടുവാന്‍ കഴിഞ്ഞതെന്ന് പറഞ്ഞ സിസ്റ്റര്‍ തങ്ങളുടെ കുട്ടികള്‍ക്ക് പുറമേ, സ്റ്റാഫിനേയും, 15 കുടുംബങ്ങളേയും ഇറ്റലിയില്‍ സുരക്ഷിതമായി എത്തുവാന്‍ കഴിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ഭയാനകമായ അപകടത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയുകയില്ലെന്നും സിസ്റ്റര്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ ജനതയുടെ പതിവ് രീതികളുമായി പൊരുത്തപ്പെടുന്നതും, സ്ത്രീകളായതിനാല്‍ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കുവാന്‍ കഴിയാത്തതും വെല്ലുവിളികളായിരുന്നു. "പാശ്ചാത്യ സേനകളുടെ പിന്‍വാങ്ങലിനു ശേഷം മതസ്വാതന്ത്ര്യം ബഹുമാനിക്കപ്പെട്ടോ" എന്ന ചോദ്യത്തിന് ഇല്ല എന്ന് പറഞ്ഞ സിസ്റ്റര്‍ വിദേശികളെ മുഴുവന്‍ ക്രിസ്ത്യാനികളായിട്ടാണ് അഫ്ഗാന്‍ പരിഗണിക്കുന്നതെന്നും, തങ്ങള്‍ നിരന്തരം നിരീക്ഷണത്തിലായിരുന്നെന്നും, അഫ്ഗാനി സ്ത്രീകളുടെ വേഷത്തിലാണ് തങ്ങള്‍ നടന്നിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

താലിബാന്‍ അധിനിവേശം കാര്യമായി നടന്ന കഴിഞ്ഞ ഓഗസ്റ്റ് മാസം തങ്ങള്‍ക്കേറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു. താനും മറ്റൊരു കന്യാസ്ത്രീയും വീട്ടില്‍ കുടുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന കന്യാസ്ത്രീ പോയതിനാല്‍ അവസാനം താന്‍ ഒറ്റക്കായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളേ രക്ഷിക്കുവാന്‍ കഴിയില്ലായിരുന്നെങ്കില്‍ തങ്ങളും രക്ഷപ്പെടുവാന്‍ ശ്രമിക്കുകയില്ലായിരുന്നു. സ്വതന്ത്ര മനുഷ്യരേപ്പോലെ ജീവിക്കുവാന്‍ പൊതുവിദ്യാഭ്യാസം നല്‍കിയാണ് അഫ്ഗാന്‍ ജനതയെ നമുക്ക് സഹായിക്കുവാന്‍ കഴിയുകയെന്നും അധികാരികള്‍ സമ്മതിക്കുകയാണെങ്കില്‍ അഫ്ഗാനിലേക്ക് തിരികെ പോവുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് സിസ്റ്റര്‍ ഷഹനാസ് അഭിമുഖം അവസാനിപ്പിച്ചത്. സിസ്റ്റര്‍ ഷഹനാസിന്റെ ഒപ്പമുണ്ടായിരിന്ന സിസ്റ്റര്‍ തെരേസ കാസര്‍ഗോഡ് സ്വദേശിനിയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Related Articles »