Seasonal Reflections - 2024
ജോസഫ്: ദൈവസ്നേഹം വിവർത്തനം ചെയ്തവൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 30-09-2021 - Thursday
വിവർത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജെറോമിൻ്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 30 നാണ് ലോക വിവർത്തന ദിനം ആഘോഷിക്കുന്നത്. 2017 മെയ് മാസം ഇരുപത്തിനാലാം തിയത്തി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി സെപ്റ്റംബർ 30 International Translation Day യായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. 2021 ലെ ലോക വിവർത്തന ദിനത്തിൻ്റെ മുഖ്യ പ്രമേയം വിവർത്തനത്തിൽ ഐക്യപ്പെടുക (United in translation ) എന്നതാണ്.
ദൈവസ്നേഹത്തിൽ എല്ലാവരെയും ഒന്നിപ്പിക്കുക അതു വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിത നിയോഗമായിരുന്നു. സ്വർഗ്ഗീയ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിൽ സ്വർഗ്ഗീയ പിതാവിൻ്റെ സ്നേഹം ഭൂമിയിൽ നൂറു ശതമാനം വിശ്വസ്തയടെ വിവർത്തനം ചെയ്യാൻ യൗസേപ്പിതാവിനു സാധിച്ചു. വായനകാർക്കു അവരുടെ മാതൃഭാഷയിൽ വസ്തുതകൾ കൂടുതൽ ഗ്രഹിക്കുവാനും മനസ്സിലാക്കാനുമുള്ള ഉപാധിയാണല്ലോ വിവർത്തനം. ഗ്രന്ഥകാരൻ്റെ ഹൃദയത്തുടിപ്പുകൾ മനസ്സിലാക്കി ആശയം അവതരിപ്പിച്ചാലേ വിവർത്തന ജോലി പൂർണ്ണ ലക്ഷ്യപ്രാപ്തിയിൽ എത്തുകയുള്ളു.
വിവർത്തകൻ സൂക്ഷിച്ചില്ലെങ്കിൽ മൂലകൃതിയിൽ നിന്നും അടിസ്ഥാന അർത്ഥങ്ങളിൽ നിന്നും ഒരു പാടു വ്യതിയാനങ്ങൾ സംഭവിച്ചേക്കാം. അത്യന്ത്യം ശ്രദ്ധയുള്ള ജോലിയാണിത്. അക്ഷരക്കൂട്ടങ്ങൾ കൊണ്ടായിരുന്നില്ല യൗസേപ്പിതാവ് ദൈവസ്നേഹം വിവർത്തനം ചെയ്തത് ജീവതം കൊണ്ടായിരുന്നു, സാക്ഷ്യമായ വിശുദ്ധ ജീവിതം വഴിയായിരുന്നു. സൂക്ഷ്മതയോടെ ദൈവഹിതം അനുനിമിഷം ആരാഞ്ഞു കൊണ്ട് സ്വർഗ്ഗത്തിലെ മനോഹരമായ ഒരു ദൈവസ്നേഹ കാവ്യം ഭൂമിയിൽ യൗസേപ്പിതാവ് വിവർത്തനം ചെയ്തു. ദൈവ പിതാവിനു ഏറ്റവും ഇഷ്ടമുള്ള വിവർത്തനമായിരുന്നു നീതിമാനായ ആ മനുഷ്യൻ്റെ പുണ്യജീവിതം.
നമ്മൾ ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ദൈവസ്നേഹത്തിനും കാരുണ്യത്തിനും ജീവതം കൊണ്ടു വിവർത്തനം ചെയ്യാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവസ്‌നേഹം വിവർത്തനം ചെയ്യുമ്പോൾ നമ്മുടെ രക്ഷകനായി ഈശോയിൽ നാം ഐക്യപ്പെടുകയാണ് ചെയ്യുന്നത്. ഈ നല്ല ഉദ്യമത്തിന് വിശുദ്ധ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.