India - 2025
മാര്‍ അത്തനാസിയോസിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്
13-10-2021 - Wednesday
കൊച്ചി: എറണാകുളം പുല്ലേപ്പടി ജംഗ്ഷനു സമീപം ട്രെയിനില്‍ നിന്നു വീണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാര്‍ അത്തനാസിയോസ് മരണമടഞ്ഞ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. 2018 ഓഗസ്റ്റ് 24ന് പുലര്‍ച്ചെ നാലിന് എറണാകുളം അഹമ്മദാബാദ് ട്രെയിനില് നിന്നു വീണാണ് മാര്‍ അത്തനാസിയോസ് മരിച്ചത്. പുത്തന്‍കുരിശ് സ്വദേശി തോമസ് ടി. പീറ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി.
മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ക്കെതിരേയാണു പരാതി. എറണാകുളം നോര്‍ത്ത് പോലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടരന്വേഷണം നടത്താതെയാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തതെന്നും, മാര്‍ അത്തനാസിയോസ് പത്രസമ്മേളനത്തില്‍ പ്രതികള്‍ക്കെതിരേ പരാമര്‍ശം നടത്തുമോ എന്ന ഭയത്താല്‍ കൊലപ്പെടുത്തുകയായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.