News - 2025
യുദ്ധോപകരണ വിപണി മരണം കൊണ്ട് നേട്ടം കൊയ്യുന്നവര്‍: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 24-10-2024 - Thursday
വത്തിക്കാന്‍ സിറ്റി: യുദ്ധോപകരണങ്ങളുടെ നിർമ്മാണ, വ്യവസായങ്ങളിലൂടെ ധനം നേടുന്നവർ മരണം കൊണ്ട് നേട്ടം കൊയ്യുന്നവരാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്ടോബർ 23 ബുധനാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പതിനായിരക്കണക്കിന് വരുന്ന ആളുകളോട് സംസാരിക്കവേയാണ് യുദ്ധാവശ്യങ്ങൾക്കുവേണ്ടിയുള്ള ആയുധനിർമ്മാണത്തിനെതിരെ പാപ്പാ സ്വരമുയർത്തിയത്. വലിയ നിക്ഷേപങ്ങളാണ് ആയുധനിർമ്മാണരംഗത്ത് നടക്കുന്നതെന്ന് പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
സഹോദരീ സഹോദരന്മാരേ, നമ്മെ ഭയപ്പെടുത്തുന്ന ഒരു രൂപമുണ്ട്: ഇന്ന് ഏറ്റവും കൂടുതൽ ലാഭം നൽകുന്ന നിക്ഷേപം ആയുധ ഫാക്ടറികളിലാണ്. മരണത്തിൽ നിന്ന് ലാഭം! നമുക്കെല്ലാവർക്കും ഒരുമിച്ച് സമാധാനത്തിനായി പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ടും പാപ്പ സംസാരിച്ചു. യുക്രൈനിൽ മരണമടഞ്ഞവരുടെ കണക്കുകൾ തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞ പാപ്പ, അത് അതിഭയാനകമാണെന്ന് പ്രസ്താവിച്ചു.
സഹോദരീ സഹോദരന്മാരേ, നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം! ഇന്ന് രാവിലെ, യുക്രൈയ്നിലെ മരണങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ എനിക്ക് ലഭിച്ചു: ഇത് ഭയങ്കരമാണ്! യുദ്ധം ക്ഷമിക്കില്ല; യുദ്ധം തുടക്കം മുതൽ പരാജയമാണ്. സമാധാനത്തിനായി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം, അവൻ എല്ലാവർക്കും, നമുക്കെല്ലാവർക്കും സമാധാനം നൽകട്ടെ. നമ്മൾ മ്യാൻമറിനെ മറക്കരുത്; മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ നേരിടുന്ന പലസ്തീനെ നാം മറക്കരുത്; നാം ഇസ്രായേലിനെ മറക്കരുത്; യുദ്ധത്തിൽ സകലജാതികളെയും നാം മറക്കരുത്- പാപ്പ പറഞ്ഞു.