India - 2025

ദൈവത്തിന്റെ സ്വന്തം നാട് ലഹരിയുടെ നാടായി മാറുന്നത് തടയാന്‍ നടപടി ശക്തമാക്കണം: മാര്‍ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 03-11-2021 - Wednesday

തലശേരി: ദൈവത്തിന്റെ സ്വന്തം നാട് ലഹരിയുടെ നാടായി മാറുന്നത് തടയാന്‍ അധികാരികള്‍ നടപടി ശക്തമാക്കണമെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. കേരളപ്പിറവി ദിനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ, പ്രതീക്ഷ മദ്യപാന ചികിത്സാകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തലശേരിയില്‍ നടന്ന 'ജനം ഉണരണം ലഹരി മുക്ത കേരളത്തിനായ്' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവതയും ബാല്യകൗമാരങ്ങള്‍ പോലും മദ്യമയക്കുമരുന്ന് ഉപയോഗത്തിന്റെ ദുശീലങ്ങളിലേക്ക് കരകയറാനാകാത്തവിധം അടിപ്പെട്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ, പ്രതീക്ഷ മദ്യപാന ചികിത്സാകേന്ദ്രം ഡയറക്ടര്‍ ഫാ. ചാക്കോ കുടിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മോണ്‍. തോമസ് തൈത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഏകദിന സെമിനാര്‍ ഫാ. മാത്യു കാരിക്കലും സംഘവും നയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു.

എടൂര്‍, ചെമ്പേരി, പയ്യാവൂര്‍, കുന്നോത്ത്, ഉളിക്കല്‍, കോട്ടൂര്‍ എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിച്ചു. ആന്റണി മേല്‍വെട്ടം, ജിന്‍സി കുഴിമുള്ളില്‍, വിന്‍സെന്റ് മുണ്ടാട്ടുചുണ്ടയില്‍, മേരി ആലയ്ക്കാമറ്റം, സന്‍ജന്‍ പുന്നയ്ക്കല്‍, എം.എല്‍. ജോയ്, ദേവസ്യ തൈപ്പറമ്പില്‍, മേരി പാലയ്ക്കലോടി എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles »