News

വിഷാദത്തിലൂടെ കടന്നുപോകുന്നവരെ സമര്‍പ്പിച്ച് പാപ്പയുടെ നവംബർ മാസത്തെ നിയോഗം

പ്രവാചകശബ്ദം 04-11-2021 - Thursday

വത്തിക്കാന്‍ സിറ്റി: വിഷാദരോഗമനുഭവിക്കുന്ന ആളുകൾക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ഫ്രാന്‍സിസ് പാപ്പയുടെ നവംബർ മാസത്തെ നിയോഗം. വിഷാദ രോഗമനുഭവിക്കുന്ന മനുഷ്യർക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെവരാൻ സാധിക്കുന്ന രീതിയിൽ സമൂഹത്തിൽനിന്ന് പിന്തുണയും പ്രതീക്ഷയുടെ വെളിച്ചവും ലഭ്യമാകാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' വീഡിയോയില്‍ പാപ്പ പറഞ്ഞു. തിരക്കിട്ട ലോകത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ജോലിയുടെ അമിതഭാരവും സമ്മർദ്ധവും പല മനുഷ്യരിലും കടുത്ത ക്ഷീണവും, മാനസികവും, വൈകാരികവും, സ്നേഹബന്ധപരവും, ശാരീരികവുമായ ക്ഷീണവും ഉണ്ടാക്കുന്നുവെന്ന് പാപ്പ സ്മരിച്ചു.

ഇന്ന് സമൂഹത്തിൽ- നിലവിലെ ജീവിതത്തിന്റെ വേഗതനിറഞ്ഞ താളക്രമത്തിൽ സ്വയം തളർന്നുപോകുന്ന മനുഷ്യരുടെ ജീവിതത്തിന്മേൽ, സങ്കടം, നിസ്സംഗത, ആത്മീയ ക്ഷീണം എന്നിവ ആധിപത്യം സ്ഥാപിക്കുന്നു. തളർന്ന മനുഷ്യരോട് കൂടെനിൽക്കുകയാണ് വേണ്ടത്. ഈ അവസ്ഥയ്ക്ക് പെട്ടെന്ന് സുഖപ്പെടുത്തുവാൻ തക്ക പ്രത്യേകമായ രഹസ്യപോംവഴികളൊന്നും ഇല്ല. ക്ഷീണിതരും, പ്രത്യാശയില്ലാതെ നിരാശരായ മനുഷ്യരുടെയും അടുത്തായിരുന്നുകൊണ്ട്, നിശബ്ദമായി അവരെ കേൾക്കാൻ പാപ്പ ആഹ്വാനം ചെയ്തു.

ഉപകാരപ്രദവും ഫലപ്രദവും ഒഴിച്ചുകൂടാനാകാത്തതുമായ മനഃശാസ്ത്രപരമായ പിന്തുണയ്ക്കൊപ്പം, യേശുവിന്റെ വാക്കുകളും സഹായിക്കുന്നു എന്നത് മറക്കരുത്.

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" എന്ന വാക്കുകളാണ് ഈ അവസരത്തിൽ തന്റെ മനസില്‍ വരുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിഷാദരോഗത്താൽ ബുദ്ധിമുട്ടുന്നതും സമ്മർദ്ധങ്ങളാൽ ജീവിതം ശുഷ്ക്കിക്കുകയും ചെയ്ത ആളുകൾക്ക് ഒരു കൈത്താങ്ങായി എല്ലാവരിൽനിന്നും സഹായം ലഭിക്കുവാനും, അതുവഴി അവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കുന്ന ഒരു പ്രകാശം ലഭിക്കുവാനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്.

1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 710