News - 2024

സിസ്റ്റർ പെട്രിനി വത്തിക്കാൻ ഗവർണറേറ്റിന്റെ പുതിയ സെക്രട്ടറി ജനറല്‍: പദവി ലഭിക്കുന്ന ആദ്യ വനിത

സിസ്റ്റര്‍ സോണിയ തെരേസ്/ പ്രവാചകശബ്ദം 05-11-2021 - Friday

റോം: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവി വഹിക്കുന്ന ആദ്യ വനിതയാണ് സിസ്റ്റർ റാഫേല്ല പെട്രിനി. 2005 മുതൽ ജനതകളുടെ സുവിശേഷ വത്കരണത്തിനായുള്ള കോൺഗ്രിഗേഷനില്‍ സേവനം ചെയ്യുകയായിരുന്നു സിസ്റ്റർ റാഫേല്ല. വത്തിക്കാൻ സിറ്റി സ്റ്റേറ്റിൽ മാർപാപ്പയ്ക്ക് പകരം എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കുന്ന ബോഡിയാണ് വത്തിക്കാൻ ഗവർണറേറ്റ്. ഇന്നുവരെയുള്ള വത്തിക്കാൻ പാരമ്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ നിയമനം. ഇന്നലെ വത്തിക്കാൻ പ്രസ് ഓഫീസിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം അറിയിച്ചത്.

1969 ജനുവരി 15 ന് റോമിലാണ് സിസ്റ്റർ റാഫേല്ല പെട്രിനിയുടെ ജനനം. ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി യൂക്കരിസ്റ്റിക്ക് എന്ന സന്യസസഭയിലെ അംഗമാണ്. റോമിലെ ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബാർണി സ്‌കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് "സയൻസ് ഓഫ് ഓർഗനൈസേഷൻ ബിഹേവിയർ" എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസസിൽ ഡോക്ടറേറ്റും അവര്‍ നേടി.

2015 മുതൽ 2019 വരെ റോമിലെ കാമിലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററൽ തിയോളജി ഓഫ് ഹെൽത്തിൽ സഭയുടെ സാമൂഹിക സിദ്ധാന്തവും ആരോഗ്യ സാമൂഹ്യശാസ്ത്രവും പഠിപ്പിച്ച സിസ്റ്റർ റാഫേല്ല, പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽ സയൻസസിലെ ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസിൽ വെൽഫെയർ ഇക്കണോമിക്സ്, സോഷ്യോളജി ഓഫ് എക്കണോമിക് പ്രോസസ് പ്രൊഫസറായി സേവനം ചെയ്തുവരികയാണ്. ഇറ്റാലിയൻ അഭിഭാഷകനായ ഗ്യൂസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയെ, ഗവർണറേറ്റിന്റെ ലീഗൽ ഓഫീസ് മേധാവിയായും പാപ്പ നിയമിച്ചിട്ടുണ്ട്.


Related Articles »