Youth Zone - 2024

ഏകഹൃദയത്തോടെ ക്രിസ്തുവിനെ മഹത്വപ്പെടുത്താന്‍ യുവജനങ്ങളുടെ സംഗമത്തിന് ബാഗ്ദാദ് തയാര്‍

പ്രവാചകശബ്ദം 11-11-2021 - Thursday

ബാഗ്ദാദ്: ഏകദേശം നാനൂറോളം വരുന്ന കൽദായ യുവജനങ്ങളുടെ സംഗമം ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നവംബർ 18 മുതൽ 20 വരെ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കാൻ എത്തും. "നിങ്ങൾ ഒരു ജീവിക്കുന്ന സഭയാണ്" എന്നതാണ് സംഗമത്തിന്റെ ആപ്തവാക്യം. അടുത്തിടെ ഇറാഖിൽ സന്ദർശനം നടത്തിയപ്പോൾ ബാഗ്ദാദിലുളള സെന്റ് ജോസഫ് കൽദായ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിവ. യുവജന സംഗമത്തിൽ ബലിയർപ്പണവും, പ്രാർത്ഥനകളും, ചർച്ചകളും ഉണ്ടാവും. കൂടാതെ കൽദായ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോ പങ്കെടുക്കുന്ന ഒരു പ്രത്യേക കൂടിക്കാഴ്ചയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

"ഞങ്ങൾ കർത്താവായ യേശുക്രിസ്തു വിശ്വസിക്കുന്നു" എന്നതാണ് കര്‍ദ്ദിനാള്‍-യുവജനങ്ങള്‍ കൂടിക്കാഴ്ചയുടെ ആപ്തവാക്യം. ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം, മതബോധനത്തിന്റെ ഫലദായകത്വം, ബൈബിൾ പഠിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി യുവജനങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. കത്തോലിക്കാസഭയിൽ ആരംഭിച്ച മൂന്ന് വർഷം നീണ്ടുനിൽക്കുന്ന സിനഡിനെ പറ്റിയുള്ള പ്രതീക്ഷയും അവർ പങ്കുവെക്കും. ദീർഘനാളായി തീവ്രവാദം ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങളെ നേരിടുന്ന ഇറാഖിലെ ക്രൈസ്തവരിൽ വലിയൊരു ശതമാനം യുവജനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യവും സംഗമത്തിനുണ്ട്.

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും, ഭാവിയും മെച്ചപ്പെടുത്താൻ ഉതകുന്ന നിർദേശങ്ങളുമാണ് ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിച്ചപ്പോൾ ജനങ്ങൾക്ക് നൽകിയത്. ഇറാഖിലെ സഭ ജീവിക്കുന്നുവെന്നും, ക്രിസ്തു തന്റെ വിശുദ്ധ ജനത്തിലൂടെ പ്രവർത്തിക്കുന്നുണ്ടെന്നും മാർച്ച് ഏഴാം തീയതി ഇർബിലിൽ വച്ച് നൽകിയ സന്ദേശത്തിൽ പാപ്പ പറഞ്ഞിരുന്നു. ഫ്രാൻസിസ് മാർപാപ്പ പകർന്നുനൽകിയ ഊർജ്ജത്തിന്റെ ആവേശത്തിലായിരിക്കും ഈ മാസം ഇറാഖിലെ കത്തോലിക്ക യുവജനങ്ങൾ ഒരുമിച്ചുകൂടുക.-


Related Articles »