News - 2025
ഏദൻതോട്ടം എവിടെയാണ്?
വിശ്വാസവഴിയിലെ സംശയങ്ങള്‍ 26-01-2024 - Friday
ഉത്പത്തി 2 -ാം അധ്യായത്തിലാണ് ഏദൻതോട്ടത്തെക്കുറിച്ചുള്ള ആദ്യപരാമർശങ്ങൾ കാണുക. ഉൽപത്തി 2 : 8 -ൽ ദൈവം "കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി മനുഷ്യനെ അവിടെ പാർപ്പിച്ചു" എന്ന് വായിക്കുന്നു. 2:15 അനുസരിച്ച് തോട്ടത്തിന്റെ പേരാണ് ഏദൻ. അതായത് ഏദൻ എന്നത് ഒരു സ്ഥലപ്പേരായി കരുതുന്നവരുണ്ട്. അത് തോട്ടത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നതാണ് എന്ന് മറ്റു ചിലർ കരുതുന്നു. ഏദൻ എന്ന ഹീബ്രുപദത്തിന്റെ അർത്ഥം 'ആനന്ദം' ( Delight ) എന്നാണ് ( 2 സാമു 1:24 ; ജറെ 51:34 ; സങ്കീ 36 : 9 ). "കിഴക്ക് ഏദനിൽ ഒരു തോട്ടം ”എന്നതിന് ദൈവം വസിക്കുന്ന ഇടമെന്ന വ്യംഗ്യാർത്ഥവുമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏദൻതോട്ടം എവിടെയാണെന്ന് കണ്ടുപിടിക്കുവാൻ നിരവധി പരിശ്രമങ്ങൾ നടന്നിട്ടുണ്ട്. പ്രധാനപ്പെട്ട ചില നിഗമനങ്ങൾ താഴെപറയുന്നവയാണ്:
1. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഉത്ഭവസ്ഥാനവുമായി ബന്ധപ്പെടുത്തി അത് കിഴക്കൻ തുർക്കിയിലെ പൂർവ്വ അനറ്റോലിയായിൽ ആണ്.
2. ജറുസലേമിലാണ്;
3. മംഗോളിയായിലോ, ഇൻഡ്യയിലോ, എത്യോപ്യയിലോ ആണ്;
4. ഇറാന്റെ വടക്ക് - പടിഞ്ഞാറൻ ഭാഗത്താണ്;
5. തെക്കൻ ചൈനാക്കടലിലെ സുന്ദലാൻഡ് ആണ്.
6. നൈൽ നദിയോട് ചേർന്നാണ്.
ഇതെല്ലാം ഈ വിവരണത്തെ അതിന്റെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുവാൻ ശ്രമിക്കുന്നതിന്റെ ഫലമാണ് . ഒരു ചരിത്രവസ്തുത എന്നതിലുപരിയായി ഈ വിവരണത്തിലടങ്ങിയിരിക്കുന്ന പ്രതികാത്മകതയെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു . "പറുദീസ' എന്നത് ഏദൻതോട്ടത്തിന്റെ പര്യായമായി ഉപയോഗിക്കുന്ന പദമാണ്. ഇതൊരു പുരാതന പേർഷ്യൻ വാക്കാണ്, ഇതിന്റെ അർത്ഥം ‘നാലു ഭാഗവും അടവാക്കിയ തോട്ടം ' അഥവാ ‘രാജാക്കന്മാരുടെ വേട്ടസ്ഥലം ' എന്നായിരുന്നു. പശ്ചാത്തപിക്കുന്ന പാപിയോട് "നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും” എന്ന് ഈശോ പറയുന്നുണ്ട് ( ലൂക്കാ 23:43 ). ഏദന്റെ സ്വഭാവം കൂടുതൽ വ്യക്തമാക്കുകയാണ് നാലു നദികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പരാമർശം.
ഇവിടെ പറയുന്ന യൂഫ്രട്ടീസ്, ടൈഗ്രീസ് നദികൾ കാണുന്നത് ഇന്നത്തെ ഇറാഖിലാണ്. പിഷോൺ, ഗിഹോൺ എന്നീ നദികൾ എവിടെയാണെന്ന് ആർക്കും അറിയില്ല. ദൈവം നട്ടുപിടുപ്പിച്ച് തോട്ടത്തിന്റെ സ്ഥലമോ സ്വഭാവമോ അക്ഷരാർത്ഥത്തിൽ എടുക്കരുതെന്നും ആരും ആ സ്ഥലം അന്വേഷിച്ചു പോകേണ്ടതില്ലെന്നും സൂചിപ്പിക്കാനായിരിക്കാം അജ്ഞാതമായ രണ്ടു നദികളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിളിൽ നാല് സമഗ്രതയെ സൂചിപ്പിക്കുന്നു. ഭൂതലം മുഴുവൻ ജലസേചനം ചെയ്യുവാൻ തക്കവിധം ശക്തമാണ് ഏദനിലെ നദികളെന്ന് നിറഞ്ഞൊഴുകുന്ന നാലു മഹാനദികളുടെ പ്രതീകത്തിലൂടെ ഗ്രന്ഥകാരൻ സൂചിപ്പിക്കാൻ ശ്രമിക്കുന്നു. ദൈവം വസിക്കുന്നിടം സമൃദ്ധിയുടെ സ്ഥലമാണ്. മനുഷ്യൻ ജീവിക്കുന്നത് ദൈവിക സാന്നിധ്യത്തിന്റെ സമൃദ്ധിയിലാണ് /സന്തോഷത്തിലാണ്.
ഏദനിൽ നിന്നും പുറപ്പെടുന്ന നദികളുടെ പ്രത്യേകതയാണ് അവിടെ നല്ല പവിഴക്കല്ലുകളും സ്വർണ്ണവും ഉണ്ടെന്നുള്ളത് . സമാഗമകൂടാരവും പുരോഹിത വസ്ത്രങ്ങളും അലങ്കരിക്കുന്നതിനും, ദൈവാലയത്തിലെ വസ്തുക്കളിലും സ്വർണവും പവിഴക്കല്ലുകളും ഉപയോഗിക്കുന്നതായി കാണുന്നു (പുറപ്പാട് 25 : 7 , 28 : 9-14 ; 1 ദിന 29 : 2 ) . ഏദനിലെ കെരുബുകൾ വാഗ്ദാന പേടകത്തിന്റെ മുൻപിലുള്ള കെരൂബുകളെ സൂചിപ്പിക്കുന്നു . ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരു പ്രത്യേകസ്ഥലം എന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതിലുപരിയായി ദൈവം വസിക്കുന്നതും, ദൈവിക സാന്നിദ്ധ്യത്തിന്റെ ഇടമായ ആനന്ദത്തിന്റെയും സമൃദ്ധിയുടെയും ജീവന്റെ നിറവിന്റെയും പ്രതീകമായിട്ടാവണം ഏദനെ മനസ്സിലാക്കേണ്ടത് എന്നാണ്.
➤ കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍.