News

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന ബില്‍ തള്ളിയ നടപടി: വ്യാപക പ്രതിഷേധ പരിപാടിയുമായി പാക്ക് ക്രൈസ്തവര്‍

പ്രവാചകശബ്ദം 10-11-2021 - Wednesday

കറാച്ചി: തട്ടിക്കൊണ്ടുപോകലിന്റേയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റേയും ഭീതിയില്‍ കഴിയുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ബില്‍ തള്ളിയതിനെതിരെ രാജ്യത്തെ ക്രൈസ്തവര്‍ വന്‍ പ്രതിഷേധത്തിലേക്ക്. കഴിഞ്ഞ ദിവസം കറാച്ചി പ്രസ്സ് ക്ലബ്ബിന് മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നിരവധി ക്രൈസ്തവര്‍ പങ്കെടുത്തു. നവംബര്‍ 13ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുവാന്‍ മതന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വിവിധ സംഘടനകള്‍ പദ്ധതിയിട്ടിട്ടുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ മനുഷ്യാവകാശ മന്ത്രാലയം തയ്യാറാക്കിയ ബില്‍ ഇസ്ലാമികമല്ലെന്ന് പറഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പാര്‍ലമെന്ററി കമ്മീഷന്‍ തള്ളിയത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട ബില്‍ തള്ളിയ നടപടി മനുഷ്യാവകാശ ലംഘനം തന്നെയാണെന്നും, പൗരന്‍മാരെ പ്രത്യേകിച്ച് സ്ത്രീകളേയും പെണ്‍കുട്ടികളേയും സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്നും പ്രസ്സ് ക്ലബ്ബിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ കറാച്ചിയില്‍ നിന്നുള്ള കത്തോലിക്ക അഭിഭാഷകനായ തബാസ്സും യൂസഫ്‌ പറഞ്ഞു.

18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ഒരു നിയമം നിലവിലുണ്ടെന്നും, എന്നാല്‍ തന്റെ പ്രായത്തേക്കാളും മൂന്നിരട്ടിയോ നാലിരട്ടിയോ പ്രായമുള്ള ആളെ വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിതരായി തീരുന്ന മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ കാര്യം വരുമ്പോള്‍ ഈ നിയമം അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ അടിസ്ഥാന അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നാണ്‌ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ക്രിസ്ത്യന്‍ നാഷണല്‍ പാര്‍ട്ടിയുടെ പ്രസിഡന്റായ ഷാബിര്‍ ഷഫാക്കത്ത് പറഞ്ഞു.

മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന അമുസ്ലീം, മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റിനായി താമസിക്കുന്ന സ്ഥലത്തുള്ള ജഡ്ജിക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നും, അപേക്ഷ സ്വീകരിച്ച് 7 ദിവസങ്ങള്‍ക്കുള്ളില്‍ ജഡ്ജി ആ വ്യക്തിയുമായി കൂടിക്കാഴ്ച നടത്തണമെന്നുമാണ് നിര്‍ദ്ദേശിക്കപ്പെട്ട ബില്ലില്‍ പറഞ്ഞിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്നും, ഈ കുറ്റത്തിന് 5 മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും, ഏറ്റവും ചുരുങ്ങിയത് 1,00,000 പാക്കിസ്ഥാനി റുപ്പീ പിഴയും ലഭിക്കാവുന്നതാണെന്നും, നിര്‍ബന്ധിത വിവാഹം നടത്തികൊടുക്കുകയോ മേല്‍നോട്ടം വഹിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് ഏറ്റവും ചുരുങ്ങിയത് 3 വര്‍ഷത്തെ തടവും, 1,00,000 റുപ്പീ പിഴയും ലഭിക്കാവുന്നതാണെന്നും ബില്ലില്‍ പറയുന്നു. ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ചൂഷണത്തില്‍ നിന്ന് മോചനം നേടുവാന്‍ സഹായകരമായ ബില്ല് തള്ളിക്കളഞ്ഞതില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം കനക്കുവാനാണ് സാധ്യത.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »