News - 2024

മതപീഡനം രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണം: സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് യു‌എസ് മതസ്വാതന്ത്ര്യ കമ്മീഷന്‍

പ്രവാചകശബ്ദം 10-11-2021 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: ഏറ്റവും രൂക്ഷമായ മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ (കൺട്രീസ് ഓഫ് പർട്ടികുലർ കൺസേൺ) ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ. അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മതപീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഏതെല്ലാം രാജ്യങ്ങളെ ഉൾപ്പെടുത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ മാസം തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയെ കൂടാതെ റഷ്യ, സിറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തണമന്നാണ് മതസ്വാതന്ത്ര്യ കമ്മീഷൻ ആവശ്യപ്പെടുന്നത്.

കമ്മീഷന്റെ വിദഗ്ധ സമിതിയാണ് വിഷയത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ഉപദേശം നൽകുന്നത്. പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ഉപരോധമടക്കമുള്ള പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടതായി വരും. അഫ്ഗാനിസ്ഥാൻ, അൽജീരിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളെ സ്പെഷ്യൽ വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നുളള ആവശ്യവും വിദഗ്ധസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. 2020ലും അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ മുന്നോട്ടുവച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ പേര് ഉണ്ടായിരുന്നു. എന്നാൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതിനെ അടിസ്ഥാനപ്പെടുത്തി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മുന്നോട്ടു വച്ച ആവശ്യം പിൻവലിക്കാൻ മതസ്വാതന്ത്ര്യ കമ്മീഷന് മേൽ വലിയ സമ്മർദ്ദമുണ്ടായി.

വാഷിംഗ്ടണിലുളള തങ്ങളുടെ പ്രതിനിധികളെ ഉപയോഗിച്ച് സംഘടനയുടെ മേൽ ഇന്ത്യൻ സർക്കാർ സമ്മര്‍ദ്ധം ചെലുത്തിയതിൽ ആശങ്കയുണ്ടെന്ന് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് അധ്യക്ഷൻ ജോൺ പ്രഭുദോസ് ഏപ്രിൽ മാസം നടന്ന ഒരു പാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. ഭാരതത്തില്‍ ബിജെപി സർക്കാർ അധികാരത്തിലേറിയത് മുതൽ ക്രൈസ്തവർക്കെതിരെയുളള അക്രമസംഭവങ്ങളിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായി: മാറിയിരിന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ ലോക രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പൺ ഡോർസ് സംഘടനയുടെ പട്ടികയില്‍ ഇന്ത്യയെ പത്താം സ്ഥാനത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Related Articles »