Life In Christ - 2024

അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെയും ആ വൈറല്‍ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, "സഹായിക്കാന്‍ പ്രചോദനമായത് ബൈബിള്‍"

പ്രവാചകശബ്ദം 16-11-2021 - Tuesday

ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സഹായത്തിന് പിന്നില്‍ ബൈബിള്‍ പകര്‍ന്നു തന്ന മൂല്യങ്ങളായിരിന്നുവെന്ന് അവര്‍ പറഞ്ഞത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ സംഭവത്തെക്കുറിച്ച് ഇൻസ്പെക്ടർ രാജേശ്വരി പറയുന്നത് ഇങ്ങനെ,

ഇന്നലെ രാവിലെ മുതൽ തന്നെ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ജനങ്ങൾക്ക് യാതൊരു വിധത്തതിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. മഴ വകവെക്കാതെ വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്ത് വരുന്നതിനിടയിലാണ് സ്റ്റേഷനിലേക്ക് ഒരു സ്വരം എത്തുന്നത്. ശ്മാശനത്തിൽ മരിച്ചു കിടക്കുന്നു എന്നായിരുന്നു സന്ദേശം. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണോ അതോ വെള്ളക്കെട്ടിൽ മുങ്ങിയാണോ മരിച്ചത് എന്ന കാര്യത്തിൽ നിശ്ചയമില്ലാത്തത് കൊണ്ട് തന്നെ ബൈക്ക് എടുത്ത് സ്ഥലത്തേക്ക് പോയി.

ശ്മശാനത്തിനകത്തോട്ട് പോകുമ്പോൾ ചുമരിനടുത്തായിട്ടായിരുന്നു അയാൾ ബോധരഹിതനായി കിടന്നിരുന്നത്. മരിച്ചിട്ടുണ്ടാകും എന്ന് കരുതി ശരീരം ആശുപത്രിയിലെത്തിക്കാം എന്ന് വിചാരിച്ചാണ് അദ്ദേഹത്തിനടുത്തേക്ക് പോയത്. എന്നാൽ ശരീരം എടുക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവനുണ്ടെന്ന് മനസ്സിലാകുന്നത്. അപ്പോൾ തന്നെ അയാളെ തോളിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു. ജീപ്പിൽ കയറ്റാൻ സാധിക്കാത്തത് കൊണ്ട് തന്നെ ബൈക്കിൽ കൊണ്ട് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഓട്ടോയുമായി എത്തുകയായിരുന്നു.

രക്ഷാപ്രവർത്തന വാർത്തയറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാജേശ്വരിയെ അഭിനന്ദിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഉള്‍പ്പെടെയുള്ള നിരവധിപേര്‍ രാജേശ്വരിയെ അഭിനന്ദിച്ചു.വീരോചിതമായ പ്രവര്‍ത്തിയുടെ പേരില്‍ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും, തന്റെ ക്രിസ്തു വിശ്വാസവും വിശുദ്ധ ഗ്രന്ഥം പകര്‍ന്ന വലിയ മൂല്യങ്ങളും പരസ്യമായി പ്രഘോഷിക്കുകയാണ് രാജേശ്വരി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »