News - 2024

അമേരിക്കയില്‍ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി: 5 മരണം, പരിക്കേറ്റവരില്‍ വൈദികനും ഇടവകാംഗങ്ങളും

പ്രവാചകശബ്ദം 22-11-2021 - Monday

മില്‍വോക്കീ: അമേരിക്കയിലെ വിസ്കോണ്‍സിനിലെ വൊക്കേഷനില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് പരേഡിലേക്ക് എസ്.യു.വി വാഹനം പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ കത്തോലിക്ക വൈദികനും നാല്‍പ്പതോളം പേരും ഉള്‍പ്പെടുന്നു. മില്‍വോക്കീ അതിരൂപത ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ നവംബര്‍ 21ന് മില്‍വോക്കീ നഗരത്തിന് പുറത്ത് സംഘടിപ്പിച്ച പരമ്പരാഗത ക്രിസ്തുമസ് പരേഡിലേക്കാണ് അമിതവേഗത്തില്‍ വന്ന ചുവന്ന നിറത്തിലുള്ള എസ്.യു.വി ബാരിക്കേഡ് തകര്‍ത്ത ശേഷം പാഞ്ഞുകയറിയത്. വൌക്കേഷനിലെ കത്തോലിക്ക നേതൃത്വം തങ്ങളുടെ സമൂഹത്തിലെ പലരും പരിക്ക് പറ്റി ആശുപത്രിയിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്‍ വൌക്കേഷനിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.

ദി മില്‍വോക്കീ ഡാന്‍സിംഗ് ഗ്രാന്നീസ്, ദി വൌക്കേഷ എക്സ്ട്രീം ഡാന്‍സ് ടീം, മാര്‍ച്ചിംഗ് ബാന്‍ഡ് തുടങ്ങിയവരുടെ അകമ്പടിയോടെ നീങ്ങിയ പരേഡിലേക്കാണ് എസ്.യു.വി ഇടിച്ചു കയറിയത്. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ ഇനിയും അതിന്റെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി വൌക്കേഷനിലെ കത്തോലിക്ക സമൂഹം ഇന്നു നവംബര്‍ 22ന് സെന്റ്‌ വില്ല്യം ദേവാലയത്തില്‍ വെച്ച് പ്രാര്‍ത്ഥന ക്രമീകരിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവര്‍ക്കും, സാക്ഷ്യം വഹിച്ചവര്‍ക്കും കൗണ്‍സലിംഗ് സേവനങ്ങള്‍ ലഭ്യമാക്കുവാനും കത്തോലിക്ക സമൂഹം പദ്ധതിയിടുന്നുണ്ടെന്ന്‍ മില്‍വോക്കീ അതിരൂപതയുടെ ഔദ്യോഗിക വക്താവായ സാന്ദ്ര പീറ്റേഴ്സണ്‍ അറിയിച്ചു.

സംശയിക്കപ്പെടുന്ന വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ പോലീസ് ചീഫ് ഡാന്‍ തോംപ്സണ്‍ അറിയിച്ചു. ഇതൊരു തീവ്രവാദി ആക്രമണമാണോ എന്ന കാര്യത്തില്‍ ഇതുവരെ യാതൊരു വ്യക്തതയും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം നഗരത്തിലെ നാല് കത്തോലിക്കാ ഇടവകകളും സംയുക്തമായി ജപമാല അര്‍പ്പണവും, ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കുകയും അത് തത്സമയ സംപ്രേഷണം ചെയ്യുന്നുമുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 715