Youth Zone - 2025
കത്തോലിക്ക യുവത്വം ഇടവകയുടെ പുറത്തുള്ള കൂട്ടായ്മകളിലും സജീവം: ഗവേഷണ റിപ്പോര്‍ട്ട്
പ്രവാചകശബ്ദം 05-12-2021 - Sunday
ഇടവകകളുടെ പുറത്തുള്ള വിശ്വാസ കൂട്ടായ്മകളിൽ യുവജനങ്ങൾ സജീവമായി പങ്കെടുക്കാൻ ശ്രമിക്കാറുണ്ടെന്ന് ഗവേഷണ റിപ്പോർട്ട്. അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദി അപ്പസ്തോലേറ്റ് പുറത്തുവിട്ട ഫെയ്ത്ത് ആൻഡ് സ്പിരിച്വൽ ലൈഫ് ഓഫ് കാത്തലിക്ക്സ് ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന പേരിലുള്ള റിപ്പോർട്ടിലാണ് യുവജനങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളെ പറ്റി പരാമർശമുള്ളത്. 18-35 വരെ വയസ്സുള്ള യുവജനങ്ങളുടെ വിശ്വാസ ജീവിതമാണ് ഗവേഷണത്തിനായി പരിഗണിച്ചത്. യുവജനങ്ങൾ പങ്കെടുക്കുന്ന കൂട്ടായ്മയെ ഒരുപക്ഷേ സുഹൃത്തുക്കളുടെ കൂട്ടായ്മ, വീടിനടുത്തുള്ള ഏതാനും പേരുടെ കൂട്ടായ്മ തുടങ്ങി പല രീതിയിൽ വ്യാഖ്യാനിക്കാമെന്ന് ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയ മൂന്ന് പേരിൽ ഒരാളായ മാർക്ക് ഗ്രേ പറഞ്ഞു.
വിശ്വാസ സംബന്ധിയായ കാര്യങ്ങളിൽ ഇടവകയുടെ പുറത്ത് യുവജനങ്ങൾ ധീരതയോടെ പങ്കെടുക്കുന്നത് ആശ്ചര്യം നൽകുന്ന കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2019ലാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുന്നത്. അനുദിനം പിന്തുടർന്ന് പോന്നിരുന്ന വിശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ യുവജനങ്ങൾക്ക് കൊറോണ വൈറസ് വ്യാപനം ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്നും മാർക്ക് ഗ്രേ ചൂണ്ടിക്കാട്ടി. എന്നാൽ ഇടവകകളുടെ പുറത്ത് പിന്തുടർന്നിരുന്ന പോന്നിരുന്ന വിശ്വാസജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നുള്ളത് കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമായിരുന്നു. ഇനി മുൻപോട്ടും അവർ അങ്ങനെ തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നതായും മാർക്ക് ഗ്രേ പറഞ്ഞു.
18 നും 35 നും മധ്യേ പ്രായമുള്ള 60% യുവജനങ്ങൾ ഇടവകയുടെ പുറത്തുള്ള ഏതെങ്കിലും ക്രൈസ്തവ കൂട്ടായ്മകളിൽ സജീവമായി പങ്കെടുക്കുമെന്ന് പറഞ്ഞതായി 181 പേജുകളുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. ഇതിൽ 55 ശതമാനം ആളുകളും മാസത്തിൽ ഒരു തവണയെങ്കിലും കൂട്ടായ്മയുടെ ഭാഗമാകാറുണ്ട്. പ്രാർത്ഥന, ബൈബിൾ പഠനം തുടങ്ങിയ കാര്യങ്ങളിലാണ് യുവജനങ്ങൾ പങ്കെടുക്കുന്നത്. കൊറോണവൈറസ് വ്യാപനത്തിന് മുമ്പ് 13% യുവജനങ്ങൾ ആഴ്ചയിലൊരിക്കലെങ്കിലും വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. 21 ശതമാനം യുവജനങ്ങൾ മാസത്തിലൊരിക്കലെങ്കിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരായിരുന്നു.