Life In Christ

ബ്രിട്ടണിലെ കത്തോലിക്ക വിശ്വാസ സംരക്ഷണത്തിന് സീറോ മലബാര്‍ സഭ വഹിക്കുന്ന പങ്ക് നിസ്തുലം: അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി

ഷൈമോൻ തോട്ടുങ്കൽ 06-12-2021 - Monday

ലണ്ടൻ: പാശ്ചാത്യ സഭയുടെ വിശ്വാസ യാത്രയിൽ, സീറോ മലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി. സാർവത്രിക സഭയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ട് മുതല്‍ ഈ ഡിസംബര്‍ എട്ട് വരെ നീണ്ടു നിന്ന മാർ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ തല സമാപനത്തോടനുബന്ധിച്ച് ബ്രിട്ടനിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദേശീയ തീർത്ഥാടന കേന്ദ്രമായ ഫാൻബറോ സെൻറ് മൈക്കിൾസ് ആബിയിലേക്ക് നടത്തിയ രൂപതാതല തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് സീറോ മലബാര്‍ സഭ മാതൃകയാണ്. സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമവും പങ്കെടുക്കുന്ന വിശ്വാസികളുടെ കൂടിച്ചേരലും കത്തോലിക്കാ സഭയ്ക്കു തന്നെ മാതൃകയും , അഭിമാനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളും യുവാക്കളും വിശ്വാസം കാത്തുസൂക്ഷിച്ചു പള്ളിയിലെത്തുന്നത് കേരള യാത്രയ്ക്കിടെ കണ്ട ആഹ്‌ളാദിപ്പിക്കുന്ന കാഴ്ച ആയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ വിശ്വാസ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ക്രൈസ്തവരുടെ ചരിത്രവും പാരമ്പര്യവും വരെ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതു തിരിച്ചു പിടിക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. പൗരസ്ത്യ സുറിയാനി ട്യൂണിൽ ഗാനങ്ങൾ സുറിയാനി, ഇംഗ്ലീഷ് ഭാഷകളിലും വിശുദ്ധ കുർബാനയിൽ ആലപിച്ചത് ഏറെ ശ്രദ്ധേയമായി. ഫാണ്‍ബറോ സെന്റ് മൈക്കിള്‍സ് അബ്ബേയിലെ ആബട്ട് ഫാ. ഡോം കത്‌ബെര്‍ട്ട് ബ്രോഗന്‍, മോണ്‍സിഞ്ഞോര്‍ ജോണ്‍ കല്ലറയ്ക്കല്‍, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ .ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ റവ. ഫാ. ജോര്‍ജ് ചേലക്കല്‍, ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് തുടങ്ങിയവരും രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും സംബന്ധിച്ചു.

റവ.ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 35 ഗായക സംഘവും ഏറെ ശ്രദ്ധേയമായി . റവ.ഡോ . വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്റെ പരിശീലനത്തിനു കീഴില്‍ അണിനിരന്ന അള്‍ത്താര ബാലന്‍മാരും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് എംസി ബി എസിന്റെ നേതൃത്വത്തിലാണ് തീർത്ഥാടന പരിപാടികൾ ഏകോപിപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »