India - 2025

തിരുവനന്തപുരം അതിരൂപതയുടെ 'സാധ്യം' സർക്കാർ പദ്ധതിയായി ആവിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

11-12-2021 - Saturday

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി തിരുവനന്തപുരം അതിരൂപതയുടെ ' സാധ്യം 2021 ' പദ്ധതി സർക്കാർ പദ്ധതികളായി ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർ.സി സ്കൂൾ ടീച്ചർസ് ഗിൽഡിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന 'സാധ്യം 2021' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൺ ടീച്ചർ വൺ ചൈൽഡ്, വൺ സ്റ്റുഡന്റ് വൺ ബുക്ക്, വോബിസ്‌ക്കം എന്നീ പദ്ധതികളാണ് 'സാധ്യം 2021'-ല്‍ ഉൾപ്പെടുന്നത്. തന്റെ സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു വിദ്യാർത്ഥിക്ക് ഒരു ടീച്ചർ എന്ന ആശയമാണ് വൺ ചൈൽഡ് വൺ ടീച്ചർ എന്നതിലൂടെ ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസകാലത്ത് തന്നെ ഒരു വിദ്യാർത്ഥി ഒരു ബുക്ക് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നതാണ് 'വൺ ചൈൽഡ് വൺ ബുക്ക്' പദ്ധതി. പ്രാതലിനും ഉച്ചഭക്ഷണത്തിനുമൊപ്പം അത്താഴം കൂടെ ഉറപ്പുവരുത്തുക എന്നതാണ് വോബിസ്‌ക്കതിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.

അനാചരവും അന്ധവിശ്വാസങ്ങൾക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നത് അത്യാവശ്യമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു . വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകർ നിവഹിക്കുന്ന പ്രവർത്തനങ്ങൾ വിസ്മരിക്കാൻ കഴിയില്ലായെന്നും കോവിഡിനു ശേഷം തുറന്ന സ്കൂളുകൾ ഒന്ന് പോലും അടക്കേണ്ടതായിട്ട് വന്നില്ല എന്നത് നമ്മുടെയൊക്കെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഒൻപതാം ക്ലാസ് വിദ്യാർഥിയായ ലെനീറ്റ ഫിഡാലിസ് എഴുതിയ 'മിയാബ' എന്ന നവോത്ഥന പഠന പുസ്തകവും, 'നീലാഞ്ജനം' എന്ന കഥാസമാഹാരവും പ്രസിദ്ധികരിച്ചുകൊണ്ട് 'വൺ സ്റ്റുഡൻറ് വൺ ബുക്ക്' (ONE STUDENT ONE BOOK) എന്ന പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രി തുടക്കം കുറിച്ചു. യോഗത്തിൽ കോപ്പറേറ്റ് മാനേജർ റെവ. ഡോ. ഡൈസൺ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള, വികാർ ജനറൽ റെവ. ഡോ. മോൺ. സി. ജോസഫ്, മിനിസ്ട്രി കോർഡിനേറ്റർ റെവ. ഡോ. തോമസ് നെറ്റോ, ശ്രീ. സ്റ്റീഫൻ പെരേര, ശ്രീമതി നിഷ എന്നിവർ പങ്കെടുത്തു.


Related Articles »